അടിമുടി സുനാമി; ഒരു റോക്കി ഭായ് ഷോ | KGF Chapter 2 Review

2018 ഡിസംബറില്‍ ഇന്ത്യയിലെ തിയേറ്ററുകളിലേക്ക് കാര്യമായ ഓളമൊന്നും ഉണ്ടാക്കാതെ എത്തിയ സിനിമയായിരുന്നു കെ.ജി.എഫ്. കെജിഎഫും എല്‍ ഡൊറാഡോയും റോക്കി ഭായിയുമെല്ലാം പ്രേക്ഷകപ്രീതി വലിയ തോതില്‍ പിടിച്ചുപറ്റിയത് കെ.ജി.എഫ്. ആദ്യഭാഗത്തിന്റെ ടൊറന്റ് റിലീസോടെയായിരുന്നു. എന്നാല്‍, മൂന്നര വര്‍ഷം മുമ്പ് തിയേറ്ററുകളിലേക്ക് അലയടിച്ചെത്തിയത് ഒരു തിരമാലയായിരുന്നെങ്കില്‍ ഇന്ന് ആ തിരമാല ഒരു സുനാമിയായി മാറുന്ന കാഴ്ചയാണ് കെ.ജി.എഫ്. 2 റിലീസ് ചെയ്യുമ്പോള്‍ കാണാനാകുന്നത്. ഒരു മാസ് സിനിമയ്ക്ക് ഏതൊക്കെ തരത്തില്‍ പ്രേക്ഷകനെ പ്രീതിപ്പെടുത്താന്‍ സാധിക്കുമോ അതെല്ലാം കെ.ജി.എഫ്. 2-വിലൂടെ പ്രശാന്ത് നീല്‍ ചെയ്തുവെച്ചിട്ടുണ്ട്.

അടിമുടി ഒരു യഷ് ഷോയാണ് ചിത്രം. തുടക്കം മുതല്‍ ഒടുക്കം വരെ യഷിന്റെ സ്‌ക്രീന്‍ പ്രസന്‍സ് ചിത്രത്തെ മറ്റൊരു തലത്തിലേക്കെത്തിക്കുകയാണ്. മാസ് സിനിമയ്ക്കും മാസ് കഥാപാത്രത്തിനും ഒരു ബെഞ്ച് മാര്‍ക്ക് സെറ്റ് ചെയ്തിരിക്കുകയാണ് പ്രശാന്ത് നീല്‍ രണ്ടാം ഭാഗത്തിലൂടെ. ആദ്യ ഭാഗത്തിലേതു പോലെ തന്നെ പഞ്ച് ഡയലോഗുകളും കോരിത്തരിപ്പിക്കുന്ന മാസ് സീനുകളും അതിനോട് കൃത്യമായി ബ്ലെന്‍ഡ് ചെയ്തു നില്‍ക്കുന്ന പശ്ചാത്തല സംഗീതവുമെല്ലാം ചേര്‍ന്ന് ചിത്രത്തെ മികച്ച അനുഭവമാക്കി മാറ്റിയിരിക്കുന്നു.

നാരാച്ചിയില്‍ ഗരുഡയുടെ മരണത്തോടെ റോക്കി കെ.ജി.എഫിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കുന്നതോടെയാണ് രണ്ടാം ഭാഗത്തിന്റെ കഥയാരംഭിക്കുന്നത്. എന്നാല്‍, ഇത്തവണ റോക്കിയുടെ കഥ പറയുന്നത് അനന്ത്‌ നാഗല്ല, അദ്ദേഹത്തിന്റെ അഭാവം രണ്ടാം ഭാഗത്തില്‍ നിഴലിക്കുന്നുണ്ട്. റോക്കി കെ.ജി.എഫില്‍ അധികാരം സ്ഥാപിക്കുന്നതോടെ ശത്രുക്കളും തലപൊക്കുന്നു. ഇവിടെയാണ് ആദ്യഭാഗത്തില്‍ നിഴല്‍ മാത്രമായിരുന്ന കെ.ജി.എഫ്. സ്ഥാപകന്‍ സൂര്യവര്‍ദ്ധന്റെ അനുജന്‍ അധീര രംഗപ്രവേശം ചെയ്യുന്നത്. യഷിനൊപ്പം പിടിക്കാന്‍ സാധിക്കുന്നില്ലെങ്കിലും അധീരയെ അവതരിപ്പിച്ച സഞ്ജയ് ദത്ത് തന്റെ പ്രകടനം കൊണ്ട് കൈയടി നേടുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സഞ്ജയ് ദത്തിനെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചോ എന്ന് സംശയം തോന്നിയേക്കാം. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ അധീരയേക്കാള്‍ ഒരുപടി സ്‌കോര്‍ ചെയ്തിരിക്കുന്നത് രവീണ ടണ്ഠന്റെ രമിക സെന്‍ എന്ന പ്രധാനമന്ത്രി കഥാപാത്രമാണ്.

കെ.ജി.എഫ്. എന്ന തന്റെ സമ്രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്നവരെ റോക്കി എങ്ങനെ നേരിടുന്നു എന്നതാണ് രണ്ടാം ഭാഗത്തില്‍. ആദ്യഭാഗത്തേക്കാള്‍ കൈയടി നേടുന്നു സീക്വന്‍സുകള്‍ രണ്ടാം ഭാഗത്തില്‍ യഷിനുണ്ട്. ആദ്യഭാഗത്തിനു പിന്നാലെ റോക്കി എന്ന കഥാപാത്രത്തിന് കിട്ടിയ ഹൈപ്പ് പരമാവധി രണ്ടാം ഭാഗത്തില്‍ പ്രശാന്ത് നീല്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ കളക്ഷന്‍ റെക്കോഡുകള്‍ കെ.ജി.എഫ്. തകര്‍ത്താല്‍ അതില്‍ തെല്ലും അദ്ഭുതപ്പെടാനില്ല.

ആദ്യഭാഗത്തേക്കാള്‍ മികച്ച തിരക്കഥയുടെ പിന്‍ബലവും രണ്ടാം ഭാഗത്തിനുണ്ട്. അതിനൊപ്പം കഥാപാത്രങ്ങളുടെ മികവ് കൂടിയായപ്പോള്‍ റിലീസിന് മുമ്പ് ലഭിച്ച വമ്പന്‍ ഹൈപ്പിനോട് ചിത്രം നീതി പുലര്‍ത്തുന്നുണ്ട്. ഭുവന്‍ ഗൗഡയുടെ ഛായാഗ്രാഹണത്തിനും ഉജ്ജ്വല്‍ കുല്‍ക്കര്‍ണി എന്ന 19-കാരന്റെ എഡിറ്റിങ് മികവിനും കൈയടി നല്‍കാതെ വയ്യ.

അതേസമയം, കെ.ജി.എഫിന് അടുത്ത ഒരു ഭാഗം കൂടിയുണ്ടാകുമെന്ന പ്രതീതിയുണ്ടാക്കിയാണ് ചിത്രം അവസാനിക്കുന്നത്. അതിനാല്‍ ചിത്രത്തിന്റെ എന്‍ഡ് ക്രെഡിറ്റ് തുടങ്ങിയത് കണ്ട് തിയേറ്ററില്‍നിന്ന് എഴുന്നേറ്റ് പോകാന്‍ നില്‍ക്കേണ്ട, പിക്ചര്‍ അഭി ബാക്കി ഹേ ഭായ്….! രണ്ടു മണിക്കൂര്‍ 48 മിനിറ്റ് സ്‌ക്രീനില്‍നിന്ന് കണ്ണെടുക്കാനാകാതെ ഒരു ലാഗ് പോലും ഫീല്‍ ചെയ്യാതെ ഒരു ചിത്രം കാണണമെങ്കില്‍ കെ.ജി.എഫ് 2-വിന് ടിക്കറ്റെടുക്കാം, പ്രശാന്ത് നീലും യഷുമടക്കം ചെയ്തുവെച്ചിരിക്കുന്ന അദ്ഭുതം ആസ്വദിക്കാം.

Content Highlights: KGF Chapter 2 Review, Yash, Prashanth Neel, KGF Review, Sanjay Dutt, Raveena Tandon

We want to say thanks to the writer of this short article for this awesome material

അടിമുടി സുനാമി; ഒരു റോക്കി ഭായ് ഷോ | KGF Chapter 2 Review

Debatepost