ആരാധകർക്ക് വിസിലടിക്കാം, ബാംഗ്ലൂരിനെ 23 റൺസിന് തകർത്ത് സീസണിലെ ആദ്യ വിജയം നേടി ചെന്നൈ

മുംബൈ:2022 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. കരുത്തരായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 23 റണ്‍സിന് തകര്‍ത്താണ് ചെന്നൈ ആദ്യ വിജയം നേടിയത്. ചെന്നൈ ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

പന്തുകൊണ്ടും ബാറ്റുകൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത ചെന്നൈ അര്‍ഹിച്ച വിജയമാണ് സ്വന്തമാക്കിയത്. ചെന്നൈയുടെ 200-ാം ഐ.പി.എല്‍ മത്സരത്തില്‍ തന്നെ വിജയം നേടാന്‍ നായകന്‍ രവീന്ദ്ര ജഡേജയ്ക്ക് സാധിച്ചു. അര്‍ധസെഞ്ചുറികള്‍ നേടിയ ശിവം ദുബെയും റോബിന്‍ ഉത്തപ്പയും നാലുവിക്കറ്റെടുത്ത മഹീഷ് തീക്ഷണയുമാണ് ചെന്നൈയുടെ വിജയശില്‍പ്പികള്‍. ഈ വിജയത്തോടെ ചെന്നൈ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് പോയന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തെത്തി.

217 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂരിന്റെ തുടക്കം തന്നെ പാളി. ടീം സ്‌കോര്‍ 14-ല്‍ നില്‍ക്കേ നായകന്‍ ഫാഫ് ഡുപ്ലെസ്സിയെ മഹീഷ് തീക്ഷണ പുറത്താക്കി. വെറും എട്ട് റണ്‍സെടുത്ത ഡുപ്ലെസ്സിയെ തീക്ഷണ ക്രിസ് ജോര്‍ദാന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ വന്ന വിരാട് കോലി നിരാശപ്പെടുത്തി. വെറും ഒരു റണ്‍ മാത്രമെടുത്ത കോലിയെ മുകേഷ് ചൗധരി ശിവം ദുബെയുടെ കൈയ്യിലെത്തിച്ചു.

പിന്നാലെ വന്ന ഗ്ലെന്‍ മാക്‌സ്‌വെല്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തതോടെ ബാംഗ്ലൂര്‍ ഇന്നിങ്‌സിന് ജീവന്‍ വെച്ചു. പക്ഷേ മറുവശത്ത് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ അനൂജ് റാവത്തിനെ തീക്ഷണ വിക്കറ്റിന് മുന്നില്‍ കുടുക്കി. വെറും 12 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

വൈകാതെ മാക്‌സ്‌വെല്ലും പുറത്തായി. 11 പന്തുകളില്‍ നിന്ന് 26 റണ്‍സെടുത്ത മാക്‌സ്‌വെല്ലിനെ നായകന്‍ ജഡേജ ക്ലീന്‍ബൗള്‍ഡാക്കി. ഇതോടെ ബാംഗ്ലൂര്‍ അപകടം മണത്തു. ടീം സ്‌കോര്‍ 50 ന് നാല് എന്ന നിലയിലായി. എന്നാല്‍ പിന്നീട് ക്രീസിലൊന്നിച്ച ഷഹബാസ് അഹമ്മദും പുതുമുഖതാരം സുയാഷ് പ്രഭുദേശായിയും ചേര്‍ന്ന് ബാംഗ്ലൂരിനെ രക്ഷിച്ചു. ഇരുവരും മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ടീം സ്‌കോര്‍ 100 കടത്തുകയും ചെയ്തു.

എന്നാല്‍ പ്രഭുദേശായിയെ ക്ലീന്‍ ബൗള്‍ഡാക്കി തീക്ഷണ ഈ കൂട്ടുകെട്ട് പൊളിച്ചു. 18 പന്തുകളില്‍ നിന്ന് 34 റണ്‍സെടുത്ത യുവതാരം അരങ്ങേറ്റം മോശമാക്കിയില്ല. തീക്ഷണയ്ക്ക് പകരം ദിനേശ് കാര്‍ത്തിക്ക് ക്രീസിലെത്തി. കാര്‍ത്തിക്കിനെ അനായാസം പുറത്താക്കാനുള്ള അവസരം മുകേഷ് ചൗധരി പാഴാക്കി. പക്ഷേ തൊട്ടടുത്ത പന്തില്‍ ഷഹബാസിനെ മടക്കി തീക്ഷണ മത്സരത്തിലെ നാലാം വിക്കറ്റെടുത്തു.

27 പന്തുകളില്‍ നിന്ന് 41 റണ്‍സെടുത്ത ഷഹബാസിനെ തീക്ഷണ ക്ലീന്‍ ബൗള്‍ഡാക്കി. ഷഹബാസിന് പകരം വാനിന്‍ഡു ഹസരംഗ ക്രീസിലെത്തി. ഒരു സിക്‌സടിച്ച് ഹസരംഗ പ്രതീക്ഷ നല്‍കിയെങ്കിലും തൊട്ടടുത്ത പന്തില്‍ താരം ജഡേജയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. വെറും ഏഴ് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ ബാംഗ്ലൂരിന്റെ പ്രതീക്ഷകള്‍ മങ്ങി. പിന്നാലെ വന്ന ആകാശ് ദീപ് നേരിട്ട രണ്ടാം പന്തില്‍ ജഡേജയ്ക്ക് തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

എട്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഒരു വശത്ത് കാര്‍ത്തിക്ക് പുറത്താവാതെ പിടിച്ചുനിന്നു. മുകേഷ് ചൗധരി ചെയ്ത 17-ാം ഓവറിലെ ആദ്യ രണ്ട് പന്തിലും സിക്‌സടിച്ച കാര്‍ത്തിക്ക് മൂന്നാം പന്തില്‍ ഫോറടിച്ചു. ആ ഓവറില്‍ 23 റണ്‍സാണ് കാര്‍ത്തിക്ക് അടിച്ചെടുത്തത്. ഇതോടെ മൂന്നോവറില്‍ ബാംഗ്ലൂരിന്റെ വിജയലക്ഷ്യം 48 ആയി ചുരുങ്ങി.

പക്ഷേ 18-ാം ഓവറില്‍ അപകടകാരിയായ കാര്‍ത്തിക്കിനെ മടക്കി ഡ്വെയ്ന്‍ ബ്രാവോ മത്സരം ചെന്നൈയ്ക്ക് സമ്മാനിച്ചു. വെറും 14 പന്തുകളില്‍ നിന്ന് 34 റണ്‍സെടുത്ത കാര്‍ത്തിക്ക് സിക്‌സ് നേടാനുള്ള ശ്രമത്തില്‍ ജഡേജ ക്യാച്ചെടുത്ത് പുറത്താകുകയായിരുന്നു. ഇതോടെ ചെന്നൈ വിജയമുറപ്പിച്ചു. ഹെയ്‌സല്‍വുഡും (7) സിറാജും (14) പുറത്താവാതെ നിന്നു.

ചെന്നൈയ്ക്ക് വേണ്ടി മഹീഷ് തീക്ഷണ നാലോവറില്‍ 33 റണ്‍സ് വഴങ്ങി നാലുവിക്കറ്റെടുത്തപ്പോള്‍ നായകന്‍ ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തു. തകര്‍ത്തടിച്ച ശിവം ദുബെയും റോബിന്‍ ഉത്തപ്പയുമാണ് ചെന്നൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ദുബെ 94 റണ്‍സെടുത്തപ്പോള്‍ ഉത്തപ്പ 88 റണ്‍സെടുത്തു. ഇരുവരും 165 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്‌വാദും റോബിന്‍ ഉത്തപ്പയും ചേര്‍ന്ന് നല്‍കിയത്. ഉത്തപ്പയെ കാഴ്ചക്കാരനാക്കി ഋതുരാജ് നന്നായി തുടങ്ങി. കഴിഞ്ഞ തവണത്തെ ഓറഞ്ച് ക്യാപ്പ് ജേതാവായ ഋതുരാജ് ഫോമിലേക്ക് മടങ്ങിയെത്തിയെന്ന് തോന്നിച്ചെങ്കിലും താരത്തെ ജോഷ് ഹെയ്‌സല്‍വുഡ് പുറത്താക്കി.

ബാംഗ്ലൂരിനായി അരങ്ങേറ്റ മത്സരം കളിച്ച ഹെയ്‌സല്‍വുഡ് നാലാം ഓവറില്‍ ഋതുരാജിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. 17 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ വന്ന മോയിന്‍ അലി അനാവശ്യ റണ്ണിന് ശ്രമിച്ച് റണ്‍ ഔട്ടായി. വെറും മൂന്ന് റണ്‍സെടുത്ത അലിയെ പുതുമുഖതാരം പ്രഭുദേശായി റണ്‍ഔട്ടാക്കുകയായിരുന്നു. ഇതോടെ ചെന്നൈ രണ്ട് വിക്കറ്റിന് 36 റണ്‍സ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.

എന്നാല്‍ ഉത്തപ്പയ്ക്ക് കൂട്ടായി ശിവം ദുബെ ക്രീസിലെത്തിയതോടെ കളിയുടെ ഗതി മാറി. അനായാസം ബാറ്റിങ് തുടര്‍ന്ന ഇരുവരും ബാംഗ്ലൂര്‍ ബൗളര്‍മാരെ നന്നായി തന്നെ നേരിട്ടു. 13-ാം ഓവറില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ മൂന്ന് തവണ സിക്‌സിന് പറത്തി ഉത്തപ്പ ടീം സ്‌കോര്‍ 100 കടത്തി.

15-ാം ഓവറില്‍ ഉത്തപ്പ അര്‍ധശതകം നേടി. വെറും 34 പന്തുകള്‍ മാത്രമാണ് 50 റണ്‍സിലെത്താന്‍ ഉത്തപ്പയ്ക്ക് വേണ്ടിവന്നത്. അതേ ഓവറില്‍ ദുബെയും അര്‍ധസെഞ്ചുറി നേടി. ദുബെയ്ക്ക് ഈ നേട്ടത്തിലെത്താന്‍ വെറും 30 പന്തുകള്‍ മാത്രമാണ് വേണ്ടിവന്നത്. പിന്നാലെ ഇരുവരും സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. വെറും 54 പന്തുകളില്‍ നിന്നാണ് ഉത്തപ്പയും ദുബെയും സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയത്.

100 റണ്‍സിലെത്താന്‍ ചെന്നൈയ്ക്ക് 13 ഓവറുകളാണ് വേണ്ടിവന്നതെങ്കില്‍ പിന്നീടുള്ള 50 റണ്‍സ് നേടാന്‍ വെറും 13 പന്തുകള്‍ മാത്രമാണ് വേണ്ടിവന്നത്. മിക്ക പന്തുകളും ബൗണ്ടറിയിലേക്ക് പായിച്ച് ഉത്തപ്പയും ദുബെയും നിറഞ്ഞാടി. 17-ാം ഓവറില്‍ ഉത്തപ്പയെ സിറാജ് പുറത്താക്കിയെങ്കിലും അമ്പയര്‍ നോബോള്‍ വിധിച്ചു.

18.3 ഓവറില്‍ ചെന്നൈ 200 മറികടന്നു. 100-ല്‍ നിന്ന് 200-ല്‍ എത്താന്‍ ചെന്നൈയ്ക്ക് വെറും 33 പന്തുകള്‍ മാത്രമാണ് വേണ്ടിവന്നത്. ഒടുവില്‍ 19-ാം ഓവറില്‍ ഉത്തപ്പയെ മടക്കി വാനിന്‍ഡു ഹസരംഗ ഈ കൂട്ടുകെട്ട് പൊളിച്ചു. 50 പന്തുകളില്‍ നിന്ന് 88 റണ്‍സെടുത്ത ഉത്തപ്പയെ ഹസരംഗ കോലിയുടെ കൈയ്യിലെത്തിച്ചു. നാല് ഫോറിന്റെയും ഒന്‍പത് പടുകൂറ്റന്‍ സിക്‌സിന്റെയും അകമ്പടിയോടെയാണ് ഉത്തപ്പ 88 റണ്‍സെടുത്ത്. തൊട്ടടുത്ത പന്തില്‍ രവീന്ദ്ര ജഡേജയെയും മടക്കി ഹസരംഗ ബാംഗ്ലൂരിന് ആശ്വാസം പകര്‍ന്നു.

അവസാന ഓവറില്‍ നന്നായി കളിച്ചെങ്കിലും ദുബെയ്ക്ക് അര്‍ഹിച്ച സെഞ്ചുറി നഷ്ടമായി. അവസാന പന്തില്‍ ദുബെ ഹെയ്‌സല്‍വുഡിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. വെറും 46 പന്തുകളില്‍ നിന്ന് അഞ്ച് ഫോറിന്റെയും എട്ട് സിക്‌സിന്റെയും അകമ്പടിയോടെ 94 റണ്‍സെടുത്താണ് ദുബെ ക്രീസ് വിട്ടത്.

ബാംഗ്ലൂരിനായി ഹസരംഗയും ഹെയ്‌സല്‍വുഡും രണ്ട് വിക്കറ്റ് വീതമെടുത്തു.

Content Highlights: ipl 2022, ipl, csk vs rcb, chennai vs bangalore, chennai super kings, royal challengers bangalore

Get daily updates from Mathrubhumi.com

We would like to give thanks to the author of this write-up for this remarkable content

ആരാധകർക്ക് വിസിലടിക്കാം, ബാംഗ്ലൂരിനെ 23 റൺസിന് തകർത്ത് സീസണിലെ ആദ്യ വിജയം നേടി ചെന്നൈ

Debatepost