ഇന്ത്യൻ വിദ്യാർഥികൾക്കായി ബസ്സുകൾ ഒരുക്കിയെന്ന് റഷ്യ; പിസോച്ചിനിൽനിന്നും ഒഴിപ്പിക്കൽ

ന്യൂയോര്‍ക്ക്: യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദേശീയരെ പുറത്തെത്തിക്കാന്‍ എല്ലാ ഇടപെടലും നടത്തുമെന്ന് റഷ്യ. ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയില്‍ റഷ്യന്‍ പ്രതിനിധി വ്യക്തമാക്കിയതാണ് ഇക്കാര്യം. ജനങ്ങളെ പുറത്തേക്കെത്തിക്കുന്നുണ്ടെന്നും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും മറ്റ് വിദേശ പൗരന്മാര്‍ക്കുമായി ബെല്‍ഗറോഡ് മേഖലയില്‍ ബസുകള്‍ കാത്തിരിക്കുകയാണെന്നും ഐക്യരാഷ്ട്ര സഭയിലെ റഷ്യന്‍ പ്രതിനിധി വാസിലി നബെന്‍സിയ പറഞ്ഞു. അതേസമയം ഹര്‍കിവിലെ പിസോച്ചിനില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഉടന്‍ ഒഴിപ്പിക്കും. 298 വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ ബസുകള്‍ പുറപ്പെട്ടുവെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

റഷ്യയിലെ ബെല്‍ഗൊറോഡ് മേഖലയിലെ അതിര്‍ത്തികളില്‍ ഇന്ന് രാവിലെ 6.00 മുതല്‍ 130 ബസുകള്‍ കാത്തുനില്‍ക്കുകയാണെന്ന് റഷ്യന്‍ പ്രതിനിധി യു.എന്‍ രക്ഷാസമിതിയില്‍ അവകാശപ്പെട്ടു. “യുക്രൈനിലെ ഹാര്‍കിവിലും സുമിയിലും ചെന്ന് ഇന്ത്യക്കാരെയും മറ്റ് വിദേശികളെയും പുറത്തിക്കാനാണ് ഇവ ഒരുക്കിയിരിക്കുന്നത്. താല്‍ക്കാലിക താമസം, വിശ്രമം, ഭക്ഷണം എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ ചെക്ക്‌പോയന്റുകളില്‍ ഒരുക്കിയിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സാക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. രക്ഷപ്പെടുത്തുന്നവരെ ബെല്‍ഗോറോഡിലെത്തിച്ച് വിമാനമാര്‍ഗം അവരവരുടെ രാജ്യങ്ങളിലേക്ക് എത്തിക്കും- നബെന്‍സിയ സുരക്ഷസമിതിയില്‍ വ്യക്തമാക്കി. യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് റഷ്യയുടെ ഈ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

യുക്രൈന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ സഹായമഭ്യര്‍ഥിക്കുന്ന വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇവരെ സുരക്ഷിതമായി ഇന്ത്യയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി എന്നിവരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു.

യുദ്ധമാരംഭിച്ച ശേഷം 18,000 പൗരന്‍മാരെ യുക്രൈനില്‍ നിന്ന് രക്ഷപ്പെടുത്തിയതായാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. യുക്രൈന്റെ അയല്‍ രാജ്യങ്ങളിലേക്ക് വിമാനങ്ങള്‍ അയച്ചാണ് സര്‍ക്കാര്‍ ഇവരെ നാട്ടിലെത്തിച്ചത്. അതേസമയം വിദേശ പൗരന്‍മാരെ യുക്രൈന്‍ മനുഷ്യ കവചങ്ങളായി ഉപയോഗിക്കുകയാണെന്ന് റഷ്യ ആരോപിച്ചിരുന്നു. സുരക്ഷ സമിതി യോഗത്തിലും റഷ്യ ഈ ആരോപണം ആവര്‍ത്തിച്ചു. ഉക്രൈന്‍ പൗരന്‍മാര്‍ പിടിച്ചുവെച്ചിട്ടുള്ള വിദേശ പൗരന്‍മാരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണെന്ന് റഷ്യ ആരോപിച്ചു. ഹര്‍കിവില്‍ 3189 ഇന്ത്യന്‍ പൗരന്‍മാരെയും 2700 ഓളം വിയത്‌നാം പൗരന്‍മാരെയും 202 ചൈനീസ് പൗരന്‍മാരെയും ഇത്തരത്തില്‍ പിടിച്ചുവെച്ചിരിക്കയാണ്. സുമിയിലെ സ്ഥിതിയും വ്യത്യസ്തമല്ലെന്നും റഷ്യ പറഞ്ഞു.

ഹര്‍കിവില്‍ നിന്ന് റഷ്യന്‍ അതിര്‍ത്തിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ചൈനീസ് പൗരന്‍മാര്‍ക്ക് നേരെ ഉക്രൈനികള്‍ വെടിയുതിര്‍ത്തതായും ചിലര്‍ക്ക് പരിക്കേറ്റതായും റഷ്യന്‍ പ്രതിനിധി ആരോപിച്ചു. എന്നാല്‍ ഇന്ത്യന്‍ പൗരന്‍മാരെ ബന്ധികളാക്കിയിട്ടുണ്ടെന്ന റഷ്യയുടെ ആരോപണം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. ഇത്തരം റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിഷയത്തില്‍ ഇന്ത്യയുടെ നിലപാട്.

Content Highlights: Russia Indian students Ukraine evacuate

Get daily updates from Mathrubhumi.com

We want to say thanks to the author of this article for this outstanding content

ഇന്ത്യൻ വിദ്യാർഥികൾക്കായി ബസ്സുകൾ ഒരുക്കിയെന്ന് റഷ്യ; പിസോച്ചിനിൽനിന്നും ഒഴിപ്പിക്കൽ

Debatepost