കീവിനെ വിറപ്പിച്ച് കടന്നുവന്ന 64 കിലോമീറ്റർ നീളത്തിലെ റഷ്യൻ വാഹനവ്യൂഹത്തിന് എന്തുസംഭവിച്ചു?

വാഷിങ്ടണ്‍: കീവിനെ വിറപ്പിച്ച് കടന്നുവന്ന 64 കിലോമീറ്റര്‍ നീളത്തിലെ റഷ്യന്‍ സൈനികവാഹനവ്യൂഹം ലക്ഷ്യംതൊടാതെ പരാജയത്തോടടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതീക്ഷിച്ച വേഗത്തില്‍ മുന്നോട്ടുപോവാന്‍ വ്യൂഹത്തിനായിട്ടില്ല.

ഇന്ധന-ഭക്ഷ്യ ക്ഷാമം വിലങ്ങുതടിയായി നില്‍ക്കുകയാണ്. വാഹനവ്യൂഹത്തെ മുന്നില്‍നിന്ന് ആക്രമിച്ച് ഗതാഗതക്കുരുക്കുണ്ടാക്കി അവയുടെ മുന്നേറ്റം തടയാന്‍ യുക്രൈന്‍സേനയ്ക്ക് സാധിച്ചിട്ടുണ്ട്. ചെറുറോഡുകളില്‍ ചെളിനിറച്ച് സഞ്ചാരയോഗ്യമല്ലാതാക്കിക്കൊണ്ട് അവര്‍ മറ്റുവഴികളുപയോഗിക്കാനുള്ള സാധ്യതയും യുക്രൈന്‍ തടഞ്ഞു. ഒപ്പം, പാശ്ചാത്യരാജ്യങ്ങള്‍ നല്‍കിയ ജാവലിന്‍ ആന്റിടാങ്ക് മിസൈലുകള്‍ ഉപയോഗിച്ച് കരയാക്രമണവും നടത്തുന്നുണ്ട്. എന്നാല്‍, വാഹനവ്യൂഹത്തില്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഒരു വ്യോമാക്രമണത്തിന് യുക്രൈന്‍ മുതിര്‍ന്നേക്കില്ലെന്നാണ് നിരീക്ഷണം.

വ്യോമ, കര, നാവിക സേനകളെ സമന്വയിപ്പിച്ച് വലിയൊരു ആക്രമണത്തിന് പദ്ധതിയിട്ടാണ് റഷ്യന്‍സേന എത്തിയത്. താരതമ്യേന പരിചയക്കുറവുള്ള അവരിപ്പോള്‍ അല്പം തളര്‍ന്നുവെന്നാണ് യുദ്ധനിരീക്ഷകനായ മേസണ്‍ ക്ലാക്കിന്റെ അഭിപ്രായം.

റഷ്യയ്‌ക്കെതിരേ അന്വേഷണം: യു.എന്‍. മനുഷ്യാവകാശസമിതിയില്‍ പ്രമേയം

ജനീവ: റഷ്യയ്‌ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് യു.എന്‍. മനുഷ്യാവകാശസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വോട്ടുചെയ്യാതെ ഇന്ത്യ വിട്ടുനിന്നു. യുക്രൈനില്‍ റഷ്യ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളിലും കുറ്റകൃത്യങ്ങളിലും അന്വേഷണം ആവശ്യപ്പെട്ടുള്ളതാണ് പ്രമേയം. 32 രാജ്യങ്ങള്‍ അനുകൂലിച്ചു. ഇന്ത്യ, പാകിസ്താന്‍, സുഡാന്‍, വെനസ്വേല ഉള്‍പ്പെടെ 13 രാജ്യങ്ങള്‍ വിട്ടുനിന്നു. റഷ്യയും എറിട്രിയയും പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്തു. സുരക്ഷാസമിതിയില്‍ കഴിഞ്ഞദിവസങ്ങളിലായി അവതരിപ്പിച്ച രണ്ട് പ്രമേയങ്ങളിലും പൊതുസഭയിലെ ഒരു പ്രമേയത്തിലും വോട്ടുചെയ്യാതെ ഇന്ത്യ വിട്ടുനിന്നിരുന്നു.

സൈനിക നടപടി: വ്യാജവാര്‍ത്ത നല്‍കുന്നവര്‍ക്ക് 15 വര്‍ഷം തടവ്

മോസ്‌കോ: അന്താരാഷ്ട്രതലത്തില്‍ യുക്രൈനിലെ തങ്ങളുടെ സൈനിക ഇടപെടലിനെക്കുറിച്ച് വ്യാജവാര്‍ത്ത നല്‍കുന്നവര്‍ക്ക് മൂന്നുമുതല്‍ 15 വരെ കൊല്ലം തടവുനല്‍കുന്ന ബില്‍ റഷ്യന്‍ പാര്‍ലമെന്റ് പാസ്സാക്കി. റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ വെള്ളിയാഴ്ചയാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. സ്വതന്ത്രമാധ്യമങ്ങള്‍ക്കുനേരെ റഷ്യന്‍സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നടപടി സ്വീകരിച്ചതിന്റെ പേരില്‍ വ്യാപകവിമര്‍ശനം നേരിടുന്നതിനിടെയാണിത്. ബില്‍ ഇപ്പോള്‍ പാര്‍ലമെന്റ് ഉപരിസഭയുടെ പരിഗണനയിലാണ്. ശനിയാഴ്ചയോടെ നിലവില്‍ വരുമെന്നാണ് സൂചന. ബില്‍ പ്രഖ്യാപനംവന്ന് മണിക്കൂറുകള്‍ക്കകം തങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഏതാനും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. റഷ്യയിലെ ഏറ്റവും വലിയ സ്വതന്ത്ര റേഡിയോസ്റ്റേഷനായ എഖോ മോസ്‌ക്വി വ്യാഴാഴ്ച അടച്ചിരുന്നു. സ്വതന്ത്രചാനലായ ദോസ്ധ് ടി.വി.യും പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ട്.

ബി.ബി.സി.ഉള്‍പ്പെടെ പ്രമുഖ മാധ്യമങ്ങള്‍ക്ക് വിലക്ക്

ബി.ബി.സി. അടക്കമുള്ള അന്താരാഷ്ട്രമാധ്യമങ്ങള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയതായി റഷ്യന്‍ അധികൃതര്‍ പറഞ്ഞു. സ്വതന്ത്രമാധ്യമങ്ങളായ മെഡ്യുസ, ജര്‍മന്‍ മാധ്യമമായ ഡോയ്‌ചെ വെല്ലെ, റഷ്യന്‍ ഭാഷയിലുള്ള റേഡിയോ ഫ്രീ യൂറോപ്പ് (യു.എസ്. ഫണ്ടില്‍ പ്രവര്‍ത്തിക്കുന്നത്) എന്നിവയാണ് വിലക്കിയത്.

പ്രോസിക്യൂട്ടര്‍മാരുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. കൃത്യവും സ്വതന്ത്രവുമായ വിവരങ്ങള്‍ അറിയാന്‍ റഷ്യന്‍ജനതയ്ക്കുണ്ടായിരുന്ന അവസരമാണ് നിഷേധിക്കപ്പെട്ടതെന്ന് ബി.ബി.സി. പ്രതികരിച്ചു. ചാനലിന് അംഗീകാരം ലഭിക്കാനുള്ള ശ്രമംതുടരുമെന്നും ബി.ബി.സി. അറിയിച്ചു.

We would like to thank the author of this write-up for this remarkable material

കീവിനെ വിറപ്പിച്ച് കടന്നുവന്ന 64 കിലോമീറ്റർ നീളത്തിലെ റഷ്യൻ വാഹനവ്യൂഹത്തിന് എന്തുസംഭവിച്ചു?

Debatepost