കെസി–വിഡി സഖ്യത്തിനെതിരെ കോൺഗ്രസിൽ നീക്കം; കൈകോർത്ത് രമേശും മുരളിയും

തിരുവനന്തപുരം∙ സംസ്ഥാന കോൺഗ്രസ് പുനഃസംഘടനയ്ക്കു മുന്നോടിയായി പഴയ ഐ ഗ്രൂപ്പ് വീണ്ടും ഒന്നിക്കുന്നു. തലസ്ഥാനത്തും ഗുരുവായൂർ ഗസ്റ്റ് ഹൗസിലുമായി നടന്ന ചർച്ചയിലാണ് ഐ ഗ്രൂപ്പിൽ തന്നെ പല േചരികളായ നിന്ന കെ.മുരളീധരനും രമേശ് ചെന്നിത്തലയും ഇനി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചത്. മാത്രമല്ല, കെ.കരുണാകരന്റെ പാത പിന്തുടർന്ന് എല്ലാ മലയാള മാസം ഒന്നാം തീയതിയും കെ.മുരളീധരനും രമേശ് ചെന്നിത്തലയും ഒരുമിച്ച് ഗുരുവായൂർ ക്ഷേത്രത്തിലെത്തി ദർശനം നടത്തും. അതിനും മുൻപ് ശബരിമല ദർശനത്തിനും ഇരുവരും ഒരേ ദിവസമെത്തി. ഇൗ ഏകോപനത്തിന് ശേഷം തലസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ വീടു കേന്ദ്രീകരിച്ച് നടന്നത് കോൺഗ്രസിലെ നിർണായകമായ ചരടുവലികളാണ്.

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും രമേശ് ചെന്നിത്തലയെ വീട്ടിലെത്തി കണ്ടു ചർച്ചകൾ നടത്തി. അടച്ചിട്ട മുറിയിൽ ഒരു മണിക്കൂറോളം നീണ്ട ചർച്ചയ്ക്കു ശേഷം അവിടെനിന്നും ഒരുമയുടെ സന്ദേശം പുറത്തുവന്നു. പ്രതിപക്ഷ നേതാവിലുള്ള അവിശ്വാസം രമേശ് ചെന്നിത്തലയോട് കെ.സുധാകരൻ പങ്കിട്ടെന്നും ശക്തമായ നിലപാടുമായി മുന്നോട്ടുപോകുന്നതിന് രമേശിന്റെ പിന്തുണ തേടുകയും ചെയ്തെന്നാണ് വിവരം.

പിന്നീട് നടന്നത് എ ഗ്രൂപ്പിലെ ഉന്നതരായ ബെന്നി ബെഹനാനും കെ.സി.ജോസഫും എം.എം.ഹസനും ഉൾപ്പെടെ നേതാക്കൾ നടത്തിയ ചില കൂടിയാലോചനകൾക്കൊടുവിൽ ഉമ്മൻചാണ്ടിയുടെ സഹായഹസ്തവും കെ.സുധാകരനിലേക്ക് രമേശ് ചെന്നിത്തല വഴിയെത്തുന്നതാണ്. ഇതെല്ലാം തലസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി നടന്ന നീക്കങ്ങൾ. ഇൗ നീക്കങ്ങളെല്ലാം പാർട്ടിയെ പിടിച്ചടക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടുകെട്ടിനെതിരെയാണെന്ന് ഗ്രൂപ്പുനേതാക്കളെല്ലാം വ്യക്തമാക്കുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ഏകപക്ഷീയ നീക്കങ്ങൾ നടത്തുന്നുവെന്ന നിലപാടിലുറച്ച് എല്ലാവരെയും കൂട്ടിയുള്ള പ്രഹരത്തിനാണ് കോൺഗ്രസിലെ മറുപക്ഷം ഒരുങ്ങുന്നത്. കെസി–വിഡി സഖ്യത്തിന്റെ നീക്കത്തെ ചെറുത്തില്ലെങ്കിൽ കേരളത്തിലെ കോൺഗ്രസ് ഇല്ലാതെയാകുമെന്ന വാദമാണ് ഇപ്പോഴത്തെ നീക്കങ്ങൾക്കു പിന്നിൽ.


കെ.സി.വേണുഗോപാൽ, വി.‍‍ഡി.സതീശൻ

ഹൈക്കമാൻഡിലുള്ള സ്വാധീനം മുതലാക്കി കേരളത്തിൽ ഒതുക്കേണ്ടവരെ ഒതുക്കാനും ഭാവിയിലേക്കു പദ്ധതി ആസുത്രണം ചെയ്തു കേരളത്തിൽ കൂടെ നിൽക്കുന്ന ഒരു നേതൃനിരയെ കെട്ടിപ്പടുക്കാനുമാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപിയും ശ്രമിക്കുന്നതെന്നാണ് മറുഭാഗത്തിന്റെ ആരോപണം. പ്രതിപക്ഷ നേതാവാണ് കേരളത്തിലെ അവസാനത്തെ വാക്ക് എന്ന തരത്തിലേക്കുയർന്ന് പ്രവർത്തിച്ച് മറ്റുള്ള നേതാക്കൾക്കും മുകളിൽ സ്ഥാനം പിടിച്ച് ഭാവിപദ്ധതി ആസൂത്രണം ചെയ്യാനാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ നീക്കമെന്നും അവർ ആരോപിക്കുന്നു.

ഭാവിസാധ്യതകൾ ലക്ഷ്യമിട്ട് കോൺഗ്രസിൽ യുദ്ധം തുടങ്ങിക്കഴിഞ്ഞെന്നു വേണം ഇപ്പോഴത്തെ നിർണായമായ നീക്കങ്ങളിൽനിന്നു മനസ്സിലാക്കേണ്ടത്. വി.ഡി.സതീശനൊപ്പം സമവായത്തിൽ പ്രവർത്തിച്ചു വന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഇപ്പോൾ കെസി– വിഡി സതീശൻ കൂട്ടുകെട്ടിന്റെ ഉദ്ദേശ്യങ്ങളിൽ സംശയം തോന്നിയെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.

കെപിസിസി പുനഃസംഘടനയ്ക്കായി സത്യസന്ധമായി നീക്കം നടത്തിയ സുധാകരന് ഇക്കാര്യം മനസ്സിലാകുകയും ചെയ്തു. രമേശ് ചെന്നിതലയോ ഉമ്മൻചാണ്ടിയോ അല്ല പുനഃസംഘടനയ്ക്കു ഇപ്പോൾ പാരവയ്ക്കുന്നതെന്നും അതു കൂടെനിൽക്കുന്നെന്ന് വരുത്തിയ ഡൽഹിയിലെ ‘ഉന്നതൻ’ തന്നെയാണെന്ന തിരിച്ചറിവാണ് ഇപ്പോൾ സുധാകരനും ഇടയുന്നതിന് കാരണമായത്.

കേരളത്തിലെ ഗ്രൂപ്പ് പോര് ഇപ്പോൾ അണിയറയ്ക്കുള്ളിൽനിന്ന് അധികം പുറത്തേയ്‌ക്കുവന്നിട്ടില്ല. അതു പുനഃസംഘടനാ പട്ടിക പ്രഖ്യാപിക്കുന്നതോടെ പുറത്തുവരും. ഹൈക്കമാൻഡിൽ പരാതി ലഭിച്ചെന്നും പുനഃസംഘടന നിർത്തിവയ്ക്കണമെന്നുള്ള നിർദേശം അംഗീകരിക്കാതെ മുന്നോട്ടുപോകാനും െകപിസിസിയിൽ ആലോചനയുണ്ട്.

പുനഃസംഘടനയ്ക്കു ശേഷം പരാതി പരിഹരിക്കാമെന്ന നിലപാടിലാണ് െകപിസിസി പ്രസിഡന്റ്. മാസങ്ങളുടെ അധ്വാനവും ചർച്ചയ്ക്കുമൊടുവിലാണ് പുനസംഘടനയ്ക്കു പട്ടികയായത്. പട്ടിക പ്രഖ്യാപിക്കുന്നതിൽ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയുടെയും അഭിപ്രായം കെ.സുധാകരന്റെ അഭിപ്രായത്തിനൊപ്പമാണ്.

∙ യുപി തിരഞ്ഞെടുപ്പും കോൺഗ്രസും

യുപി തിരഞ്ഞെടുപ്പിന്റെ ഫലം കോൺഗ്രസിന്റെ തുടർന്നങ്ങോട്ടുള്ള തീരുമാനങ്ങളിലെല്ലാം പ്രതിഫലിക്കും. യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ തന്നെ രാഹുൽഗാന്ധിയുടെ നേതൃത്വം ചോദ്യം ചെയ്യപ്പെടും. പഞ്ചാബ് നഷ്ടപ്പെട്ടാൽ പിന്നെ 2024 ലെ പൊതു തിരഞ്ഞെടുപ്പിലേക്ക് പോകാൻ പാർട്ടിയുടെ വീര്യം ചോരും.

ഇൗ അവസ്ഥയിൽ കെ.സി.വേണുഗോപാൽ ഉൾപ്പെടെ ദേശീയ നേതൃത്വത്തിന് തോൽവിക്കു ഉത്തരം പറയേണ്ടിവരും. ആ അവസരം കേരളത്തിൽ ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള കെ.സി.വേണുഗോപാൽ– വി.ഡി.സതീശൻ ചേരിയ്ക്കെതിരെയുള്ളവരുടെ പോരാട്ടവീര്യം വർധിപ്പിക്കും.

English Summary: Decisive Moves in Congress in Kerala

We would like to give thanks to the author of this article for this amazing web content

കെസി–വിഡി സഖ്യത്തിനെതിരെ കോൺഗ്രസിൽ നീക്കം; കൈകോർത്ത് രമേശും മുരളിയും

Debatepost