കോലിയും റാവത്തും തിളങ്ങി; മുംബൈക്ക് തുടർച്ചയായ നാലാം തോൽവി

മുംബൈ: ഐപിഎല്ലില്‍ ശനിയാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. മുംബൈ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സീസണില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. ബാംഗ്ലൂരിന്റെ മൂന്നാം ജയവും.

അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ അനുജ് റാവത്തും വിരാട് കോലിയുമാണ് ബാംഗ്ലൂരിന് ജയമൊരുക്കിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 80 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 47 പന്തുകള്‍ നേരിട്ട റാവത്ത് ആറ് സിക്‌സും രണ്ട് ഫോറുമടക്കം 66 റണ്‍സെടുത്തു. കോലി 36 പന്തില്‍ നിന്ന് അഞ്ച് ഫോറടക്കം 48 റണ്‍സ് നേടി പുറത്തായി.

152 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ബാംഗ്ലൂരിന് ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി – അനുജ് റാവത്ത് ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. ശ്രദ്ധയോടെ ബാറ്റ് വീശിയ ഇരുവരും 8.1 ഓവറില്‍ 50 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 24 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത ഡുപ്ലെസിയെ മടക്കി ജയ്‌ദേവ് ഉനദ്കട്ടാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെ ക്രീസില്‍ ഒന്നിച്ച കോലി – റാവത്ത് സഖ്യം മുംബൈയില്‍ നിന്ന് മത്സരം സ്വന്തമാക്കുകയായിരുന്നു. ഇരുവരും പുറത്തായ ശേഷം ദിനേഷ് കാര്‍ത്തിക്കും (7*) ഗ്ലെന്‍ മാക്‌സ്‌വെല്ലും (8*) ചേര്‍ന്ന് ബാംഗ്ലൂരിന് ജയമൊരുക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ സൂര്യകുമാര്‍ യാദവിന്റെ ഒറ്റയാള്‍ പോരാട്ട മികവില്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തിരുന്നു.

ഒരു ഘട്ടത്തില്‍ 6.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സെന്ന നിലയിലായിരുന്ന മുംബൈ അവിശ്വസനീയമായി തകര്‍ന്ന് 10.1 ഓവറില്‍ 62-ന് അഞ്ചെന്ന നിലയിലേക്ക് വീണു. അവിടെ നിന്നും സൂര്യകുമാര്‍ യാദവ് ഒറ്റയ്ക്ക് ടീമിനെ 111 റണ്‍സിലെത്തിക്കുകയായിരുന്നു.

അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ 37 പന്തില്‍ നിന്ന് ആറ് സിക്സും അഞ്ച് ഫോറുമടക്കം 68 റണ്‍സോടെ പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 6.2 ഓവറില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിയുന്നത്.

15 പന്തില്‍ നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 26 റണ്‍സെടുത്ത രോഹിത്തിനെ മടക്കി ഹര്‍ഷല്‍ പട്ടേലാണ് ബാംഗ്ലൂരിന്റെ വിക്കറ്റ് വേട്ട തുടങ്ങിവെച്ചത്. തുടര്‍ന്നെത്തിയ ഡെവാള്‍ഡ് ബ്രെവിസിനെ (8) നിലയുറപ്പിക്കും മുന്‍പ് വാനിന്ദു ഹസരംഗ മടക്കി. ഇഷാന്‍ കിഷന്റെ ഊഴമായിരുന്നു അടുത്തത്. 28 പന്തില്‍ നിന്ന് മൂന്ന് ഫോറടക്കം 26 റണ്‍സെടുത്ത കിഷനെ പത്താം ഓവറില്‍ ആകാശ് ദീപ് പുറത്താക്കി. അതേ ഓവറിലെ അഞ്ചാം പന്തില്‍ കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ തിലക് വര്‍മയെ (0) മാക്സ്വെല്‍ റണ്ണൗട്ടാക്കിയതോടെ മുംബൈ പതറി. പിന്നാലെയെത്തിയ പൊള്ളാര്‍ഡിനെ (0) നേരിട്ട ആദ്യ പന്തില്‍ തന്നെ ഹസരംഗ വിക്കറ്റിന് മുന്നില്‍ കുടുക്കി. രമണ്‍ദീപ് സിങ്ങിനെ (6) 14ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കിയതോടെ മുംബൈ ആറിന് 79 റണ്‍സെന്ന നിലയിലായി.

എന്നാല്‍ അവിടെ നിന്നും ജയ്ദേവ് ഉനദ്കട്ടിനെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ യാദവ് മുംബൈയെ മാന്യമായ സ്‌കോറിലെത്തിക്കുകയായിരുന്നു. ഉനദ്കട്ടിനൊപ്പം 72 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൂര്യ പടുത്തുയര്‍ത്തിയത്. ഉനദ്കട്ട് 13 റണ്‍സോടെ പുറത്താകാതെ നിന്നു.

We would love to thank the author of this post for this outstanding web content

കോലിയും റാവത്തും തിളങ്ങി; മുംബൈക്ക് തുടർച്ചയായ നാലാം തോൽവി

Debatepost