തീപ്പൊരിയായി തെവാട്ടിയ; അവസാന രണ്ടു പന്തിലും സിക്‌സർ, ടൈറ്റൻസിന് ജയം

മുംബൈ: ഐപിഎല്ലില്‍ രാഹുല്‍ തെവാട്ടിയ മാജിക്കില്‍ അവസാന പന്തില്‍ പഞ്ചാബ് കിങ്‌സിനെ ആറു വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടൈറ്റന്‍സ് അവസാന രണ്ടു പന്തുകളും സിക്‌സറിന് പറത്തിയ തെവാട്ടിയയുടെ മികവില്‍ വിജയത്തിലെത്തുകയായിരുന്നു.

ഒഡിയന്‍ സ്മിത്ത് എറിഞ്ഞ അവസാന ഓവറില്‍ ടൈറ്റന്‍സിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 19 റണ്‍സായിരുന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റ് നഷ്ടമായതിനു പിന്നാലെ ക്രീസിലെത്തിയ തെവാട്ടിയ അവസാന രണ്ടു പന്തില്‍ ജയിക്കാന്‍ രണ്ടു സിക്‌സ് വേണമെന്നിരിക്കെ രണ്ടും സിക്‌സറിന് പറത്തി ടൈറ്റന്‍സിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു.

190 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഗുജറാത്ത് ടൈറ്റന്‍സിനായി ശുഭ്മാന്‍ ഗില്‍ – മാത്യു വെയ്ഡ് ഓപ്പണിങ് സഖ്യം 20 പന്തില്‍ നിന്ന് 32 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ആറു റണ്‍സെടുത്ത വെയ്ഡിനെ കഗിസോ റബാദ പുറത്താക്കുകയായിരുന്നു.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഗില്ലിനൊപ്പം സായ് സുദര്‍ശന്‍ ചേര്‍ന്നതോടെ ടൈറ്റന്‍സ് കളിയില്‍ വ്യക്തമായ ആധിപത്യം നേടി. 101 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം ടൈറ്റന്‍സിന് ജയമൊരുക്കുമെന്ന ഘട്ടത്തിലാണ് 15-ാം ഓവറില്‍ സുദര്‍ശനെ മടക്കി രാഹുല്‍ ചാഹര്‍ പഞ്ചാബിന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

എന്നാല്‍ മധ്യ ഓവറുകളില്‍ നന്നായി പന്തെറിഞ്ഞ പഞ്ചാബ് ബൗളര്‍മാര്‍ ടൈറ്റന്‍സ് ബാറ്റ്‌സ്മാന്‍മാരെ പ്രതിരോധത്തിലാക്കി. മികച്ച രീതിയില്‍ മുന്നേറിയ ഗില്‍ 19-ാം ഓവറില്‍ വീണതോടെ ടൈറ്റന്‍സ് കളി കൈവിട്ടെന്ന തോന്നലുയര്‍ന്നു. 59 പന്തില്‍ നിന്ന് ഒരു സിക്‌സും 11 ഫോറുമടക്കം 96 റണ്‍സെടുത്ത ഗില്ലിന് അര്‍ഹിച്ച സെഞ്ചുറിയാണ് നഷ്ടമായത്. തുടര്‍ന്ന് 18 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ അവസാന ഓവറില്‍ ജോണി ബെയര്‍സ്‌റ്റോ റണ്ണൗട്ടാക്കിയതിനു പിന്നാലെയാണ് തെവാട്ടിയ ക്രീസിലെത്തുന്നത്. വെറും മൂന്ന് പന്തില്‍ നിന്ന് 13 റണ്‍സ് നേടിയ തെവാട്ടിയ ടീമിന് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു. ഡേവിഡ് മില്ലര്‍ ആറു റണ്‍സോടെ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്‌സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തിരുന്നു. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ലിയാം ലിവിങ്സ്റ്റനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ലിവിങ്സ്റ്റണ്‍ വെറും 27 പന്തില്‍ നിന്ന് നാലു സിക്സും ഏഴ് ഫോറുമടക്കം 64 റണ്‍സെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. സ്‌കോര്‍ 11-ല്‍ നില്‍ക്കേ അഞ്ചു റണ്‍സുമായി ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ മടങ്ങി. പിന്നാലെ അഞ്ചാം ഓവറില്‍ ജോണി ബെയര്‍സ്റ്റോയും (8) ഡഗ്ഔട്ടിലെത്തി.

പിന്നീട് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ശിഖര്‍ ധവാന്‍ – ലിവിങ്സ്റ്റണ്‍ സഖ്യമാണ് 52 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി പഞ്ചാബ് ഇന്നിങ്സ് ട്രാക്കിലാക്കിയത്. എന്നാല്‍ 30 പന്തില്‍ നിന്ന് നാല് ഫോറടക്കം 35 റണ്‍സെടുത്ത ധവാനെ 11-ാം ഓവറില്‍ മടക്കി റാഷിദ് ഖാന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു.

തുടര്‍ന്ന് ലിവിങ്സ്റ്റണൊപ്പം ജിതേഷ് ശര്‍മ ചേര്‍ന്നതോടെ പഞ്ചാബ് ഇന്നിങ്സിന് ജീവന്‍ വെച്ചു. എന്നാല്‍ ജിതേഷിനെയും തുടര്‍ന്നെത്തിയ ഒഡീന്‍ സ്മിത്തിനെയും 14-ാം ഓവറിലെ അടുത്തടുത്ത പന്തുകളില്‍ മടക്കി ദര്‍ശന്‍ നല്‍കാണ്ഡെ പഞ്ചാബിനെ പ്രതിരോധത്തിലാക്കി. പിന്നീട് പഞ്ചാബിന് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. ലിവിങ്സ്റ്റണും ഷാരുഖ് ഖാനും (15) 16ാം ഓവറില്‍ റാഷിദ് ഖാന് മുന്നില്‍ വീണു. എന്നാല്‍ 14 പന്തില്‍ നിന്ന് ഒരു സിക്സും രണ്ട് ഫോറുമടക്കം 22 റണ്‍സെടുത്ത രാഹുല്‍ ചാഹറിന്റെ ഇന്നിങ്സ് പഞ്ചാബിനെ 189-ല്‍ എത്തിക്കുകയായിരുന്നു.

ടൈറ്റന്‍സിനായി റാഷിദ് ഖാന്‍ മൂന്നും ദര്‍ശന്‍ നല്‍കാണ്ഡെ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

We would like to give thanks to the writer of this post for this incredible material

തീപ്പൊരിയായി തെവാട്ടിയ; അവസാന രണ്ടു പന്തിലും സിക്‌സർ, ടൈറ്റൻസിന് ജയം

Debatepost