പാഞ്ഞെത്തിയ റഷ്യ പകച്ചത് ‘വിശുദ്ധ’ ജാവലിന്‍ മിസൈലിന് മുന്നിലോ? ടാങ്കുകളുടെ അന്തകന്‍

ലോകത്തെ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യയ്ക്ക് ദുർബലരായ യുക്രെയ്ൻ പിടിച്ചടക്കാൻ ഒട്ടും ബുദ്ധിമുട്ടേണ്ടി വരില്ലെന്നായിരുന്നു യുദ്ധാരംഭത്തിനു പിന്നാലെയെത്തിയ വിലയിരുത്തലുകൾ. എന്നാൽ സർവ സന്നാഹവുമായി കടന്നെത്തിയ റഷ്യൻ സൈന്യത്തെ യുക്രെയ്നിൽ കാത്തിരുന്നത് വൻനാശമെന്നാണ് പുതിയ റിപ്പോർട്ടുകൾ. യുദ്ധം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും വീര്യം ചോരാതെ റഷ്യക്ക് മുന്നിൽ യുക്രെയ്ൻ പൊരുതി നിൽക്കുന്ന കാഴ്ചയാണിപ്പോൾ. റഷ്യയ്ക്ക് മുന്നിൽ ഇത്രയും വലിയ പ്രതിരോധം തീർക്കാൻ യുക്രെയ്നെ സഹായിച്ചത് പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയാണ്. ‘വിശുദ്ധ ജാവലിൻ’ എന്ന ടാങ്ക് വേധ മിസൈലാണ് റഷ്യൻ പടയോട്ടത്തിന് വാരിക്കുഴിതീർക്കാൻ യുക്രെയ്‌നു പ്രധാനമായും പിന്തുണയേകുന്നതും. പല അത്യാധുനിക യുദ്ധോപകരണങ്ങളും പാശ്ചാത്യ രാജ്യങ്ങളാണ് യുക്രെയ്ന് നൽകുന്നത്. അതിൽത്തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് യുഎസ് നിർമിക്കുന്ന ‘വിശുദ്ധ ജാവലിൻ’ എന്നറിയപ്പെടുന്ന എഫ്‌ജിഎം–148 ജാവലിൻ മിസൈൽ.  

∙ വീണ്ടെടുപ്പിന്റെ ‘വിശുദ്ധ മിസൈൽ’

1.2 മീറ്റർ നീളമുള്ള ജാവലിൻ മിസൈലും ലോഞ്ചറും ഒരാൾക്ക് തന്നെ എടുത്തുകൊണ്ടുപോകാനും ഉപയോഗിക്കാനും സാധിക്കും. നാലു കിലോമീറ്റർ ദൂരെയുള്ള ടാങ്കിനെപ്പോലും തകർക്കാൻ ശേഷിയുള്ളതാണ് ജാവലിൻ. സ്വയം നിയന്ത്രിക്കാനും സാധിക്കും. മറഞ്ഞിരുന്നു പ്രയോഗിക്കാനും ഏറ്റവും അനുയോജ്യം.

ജനുവരിയിലാണ് 200 മില്യൻ ഡോളറിന്റെ 300 ജാവലിൻ യുഎസ് യുക്രെയ്ന് അനുവദിച്ചത്. റഷ്യ ആക്രമണം രൂക്ഷമാക്കിയതോടെ ശനിയാഴ്ച 350 മില്യൻ ഡോളറിന്റെ സഹായം കൂടി അനുവദിച്ചു. ഇതിൽ ജാവലിൻ മിസൈലുകളും ഉൾപ്പെടുന്നു. ഡോണൾഡ് ട്രംപ് പ്രസിഡന്റ് ആയിരുന്ന കാലത്താണ് യുക്രെയ്ന് ജാവലിൻ നൽകാൻ തീരുമാനിച്ചത്. 20 വർഷം മുൻപു തന്നെ ജാവലിൻ യുഎസ് സൈന്യത്തിന്റെയും നാറ്റോ അംഗങ്ങളായ 20 രാജ്യങ്ങളുടേയും സൈന്യത്തിന്റെ ഭാഗമായിരുന്നു.

യുക്രെയ്‌ൻ പ്രതിരോധത്തിന് കരുത്തു പകർന്ന ജാവലിന് ഇതിനിടെ ദൈവീക പരിവേഷം കൈവന്നു. വീണ്ടെടുക്കലിന്റെ വിശുദ്ധയായ മഗ്ദലന മറിയം ജാവലിൻ മിസൈൽ പിടിച്ചുനിൽക്കുന്ന ചിത്രങ്ങളും സ്റ്റിക്കറുകളും വൻ പ്രചാരമാണ് നേടുന്നത്. എത്രവട്ടം വീണുപോയാലും വീണ്ടും എഴുന്നേറ്റുവരുന്നതിന്റെ പ്രതീകമായാണ് മഗ്ദലനയെ ചിത്രീകരിക്കുന്നത്. യുക്രെയ്‌ന്‍ ജനതയ്ക്കു ധനസഹായവും മറ്റും തേടി കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വെബ്സൈറ്റുകളിൽ ഒന്നിന്റെ പേരും മറ്റൊന്നല്ല. സെന്റ് ജാവലിൻ ഡോട്ട് കോം എന്ന ഈ വെബ്സൈറ്റിൽ നിരവധിപേരാണ് ധനസമാഹരണത്തിനു പിന്തുണയേകുന്നത്.


യുക്രെയ്ൻ സൈനികർ ജാവലിൻ മിസൈൽ പ്രയോഗിക്കുന്നു. ചിത്രം∙ എപി

യുക്രെയ്ൻ ജനത്തെ വീണ്ടെടുക്കാൻ ശേഷിയുള്ള ആയുധമായാണ് ജാവലിനെ കണക്കാക്കുന്നത്. പ്രഭാവലയത്തില്‍ യുക്രെയ്ന്‍ പതാകവര്‍ണങ്ങളും കൈയില്‍ ജാവലിനും ഏന്തിയ വിശുദ്ധയുടെ ചിത്രങ്ങളാണിപ്പോള്‍ എവിടെയും പ്രചരിക്കുന്നത്. ഇത്തരം ചിത്രങ്ങള്‍ പലരാജ്യങ്ങളിലും വിപണിയിലുണ്ട്. പോസ്റ്ററുകളും കാര്‍ഡുകളുമാക്കി ഇവ വിറ്റുകിട്ടുന്ന പണം യുക്രെയ്നെ സഹായിക്കാന്‍ നല്‍കുമെന്നും സെന്റ് ജാവലിൻ ഡോട്ട് കോം അധികൃതർ പറയുന്നു. യുക്രെയ്ന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വാഹനങ്ങളിലുൾപ്പെടെ പലയിടത്തും ഈ സെന്റ് ജാവലിന്റെ സ്റ്റിക്കറാണ് പതിപ്പിക്കുന്നത്. 

യുക്രെയ്ൻ റഷ്യൻ സൈനികരുടെ ശവപ്പറമ്പാകും: സെലെൻസ്കി


TOPSHOT-UKRAINE-RUSSIA-CONFLICT

യുക്രെയ്ൻ ആക്രമണത്തിൽ തകർന്ന റഷ്യൻ ടാങ്ക്.

യുക്രെയ്നിലെ സാധാരണക്കാരടക്കം ആയുധവുമായി റഷ്യക്കെതിരെ പോരാടാനിറങ്ങിയതോടെ യൂറോപ്പിലെ ചെറിയ രാജ്യങ്ങളുൾപ്പെടെ വൻസഹായമാണ് നൽകുന്നത്. 1,000 ടാങ്ക് വേധ ആയുധങ്ങളും 500 സ്റ്റിങ്ങർ മിസൈലുകളും നൽകുമെന്ന് ജർമനി ശനിയാഴ്ച പ്രഖ്യാപിച്ചു. നെക്സറ്റ് ജനറേഷൻ ആന്റി ടാങ്ക് (എൻഎൽഎഡബ്ലിയു) ആയുധങ്ങളാണ് ബ്രിട്ടൻ നൽകുന്നത്. കെട്ടിടത്തിനുള്ളിൽ നിന്നുപോലും പ്രയോഗിക്കാൻ സാധിക്കുന്നതാണ് എൻഎൽഎഡബ്ലിയു. ഉപയോഗിക്കുന്നതിന് യാതൊരുവിധ സങ്കീർണതകളുമില്ല. 

ഒൻപതു ലക്ഷം സൈനികരാണ് റഷ്യക്കുള്ളത്. എന്നാൽ യുക്രെയ്ന് 1,96,000 സൈനികർ മാത്രമാണുള്ളത്. ഇരുരാജ്യങ്ങളുടേയും സൈനികബലം താരതമ്യത്തിന് പോലും വിഷയമല്ല. എന്നാൽ പലയിടത്തും റഷ്യൻ സൈന്യം ചിതറിപ്പോകുന്നതായാണ് റിപ്പോർട്ടുകൾ. ഏറ്റവുമൊടുവിലെ വിവരമനുസരിച്ച് കീവിൽ നിന്നും ചിതറിപ്പോയ റഷ്യൻ സൈന്യത്തെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് റഷ്യ. യുക്രെയ്നെ എളുപ്പം കീഴടക്കാൻ സാധിക്കില്ലെന്ന് മനസ്സിലായതോടെയാണ് റഷ്യ 64 കിലോമീറ്റർ നീളത്തിൽ ടാങ്ക് വ്യൂഹത്തെ യുക്രെയ്നിലേക്ക് അയച്ചത്.

റഷ്യൻ സൈനികരുടെ ശവപ്പറമ്പായി യുക്രെയ്ൻ മാറുമെന്നാണ് പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞത്.യൂറോപ്യൻ യൂണിയനും യുഎസും യുക്രെയ്ന് സഹായം നൽകുന്നത് തുടർന്നാൽ യുക്രെയ്ന് സംഭവിക്കുന്നതിന് തുല്യമായ നഷ്ടം റഷ്യയ്ക്കും സംഭവിക്കാനിടയുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങളിലെ വിലയിരുത്തൽ

English Summary: St Javelin and the missile that has become a symbol of Ukrainian resistance

We would love to say thanks to the writer of this article for this outstanding content

പാഞ്ഞെത്തിയ റഷ്യ പകച്ചത് ‘വിശുദ്ധ’ ജാവലിന്‍ മിസൈലിന് മുന്നിലോ? ടാങ്കുകളുടെ അന്തകന്‍

Debatepost