പാർട്ടി പ്രായം കുറച്ചു; കേന്ദ്ര നേതൃനിരയിലേയ്ക്ക് പുതുമുഖങ്ങൾ

കണ്ണൂര്‍: കേരളത്തില്‍ നിന്നും എ.വിജയരാഘവന്‍ സി.പി.എം പി.ബിയിലേക്ക്. സംസ്ഥാന മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, പി.രാജീവ് എന്നിവരെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനും ധാരണയായി. സി.എസ്.സുജാത, പി.സതീദേവി എന്നിവരാണ് കമ്മിറ്റിയില്‍ കേരളത്തില്‍ നിന്നുള്ള വനിതാപ്രതിനിധികള്‍. ശനിയാഴ്ച രാത്രി ചേര്‍ന്ന പി.ബി യോഗം ഇക്കാര്യത്തില്‍ ധാരണയായി.

കിസാന്‍സഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്‌ളെയാണ് പി.ബിയിലെ മറ്റൊരു പുതുമുഖം. കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള പ്രായപരിധിയെ തുടര്‍ന്ന് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് അശോക് ധാവ്‌ളെയുടെ പി.ബി.അംഗത്വം. എസ്.രാമചന്ദ്രന്‍ പിള്ള പി.ബിയില്‍ നിന്നൊഴിവാകും. ഈ സാഹചര്യത്തില്‍ കൂടിയാണ് പി.ബിയില്‍ കേരളത്തിന്റെ പ്രാതിനിധ്യമായി എ.വിജയരാഘവന്റെ രംഗപ്രവേശം. എസ്.ആര്‍.പി പാര്‍ട്ടി സെന്ററിന്റെ പ്രതിനിധിയായാണ് പി.ബിയില്‍ ഇടം പിടിച്ചതെങ്കിലും അദ്ദേഹത്തിന്റെ ഒഴിവില്‍ വിജയരാഘവനു സ്ഥാനം ലഭിച്ചു. കര്‍ഷക തൊഴിലാളി യൂണിയന്‍ ദേശീയ അധ്യക്ഷനാണെന്നതും ഗുണകരമായി.

പി.കരുണാകരന്‍, വൈക്കം വിശ്വന്‍ എന്നിവരാണ് സി.സിയില്‍ സ്ഥാനമൊഴിയുന്ന മലയാളികള്‍. അവരുടെ പകരക്കാരാണ് ബാലഗോപാലും രാജീവും.അനാരോഗ്യത്തെ തുടര്‍ന്ന് എം.സി. ജോസഫൈന്‍ സി.സിയില്‍ തുടരില്ല. വനിതകള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കാന്‍ അവര്‍ക്കു പകരം രണ്ടു പേരെ പരിഗണിച്ചു. അങ്ങനെ സുജാതയും സതീദേവിയും സി.സിയിലെത്തും.

കേന്ദ്രനേതൃത്വത്തില്‍ 75 വയസ്സെന്ന പ്രായപരിധി നടപ്പാവുന്നതാണ് ഈ സമ്മേളനത്തിന്റെ പ്രത്യേകത. പ്രതിസന്ധികളെ അതിജീവിച്ച് സ്വയം വളരാന്‍ തീരുമാനിച്ച പാര്‍ട്ടിയെ നയിക്കാന്‍ ആരൊക്കെ വേണമെന്ന് ഞായറാഴ്ച അന്തിമമായി നിശ്ചയിക്കും.

രാഷ്ട്രീയപ്രമേയത്തിലൂടെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആശയപരമായും സംഘടനാപരമായും ആധിപത്യമുറപ്പിച്ചതിനാല്‍ അദ്ദേഹത്തിനു പദവിയില്‍ വെല്ലുവിളികളില്ല.

നിലവില്‍ 17 പേരടങ്ങുന്നതാണ് പി.ബി. കേന്ദ്രകമ്മിറ്റിയില്‍ 94 പേരും. ഇതെത്ര മാത്രം ചുരുങ്ങുമെന്നതിന് അവസാനഘട്ട ചര്‍ച്ചകള്‍ക്കു ശേഷവും നേതാക്കള്‍ക്ക് ഉത്തരമില്ല. പാര്‍ട്ടി നിശ്ചയിച്ച പ്രായപരിധി കഴിഞ്ഞതിനാല്‍ എസ്.രാമചന്ദ്രന്‍ പിള്ള, ബിമന്‍ ബോസ്, ഹനന്‍ മൊള്ള എന്നിവരാണ് പി.ബിയില്‍ നിന്നും ഒഴിയുന്നവര്‍. മുഖ്യമന്ത്രി പിണറായി വിജയന് 75 വയസു കഴിഞ്ഞെങ്കിലും ഇളവു നല്‍കി അദ്ദേഹത്തെ നിലനിര്‍ത്താനാണ് സാധ്യത.

കൂടുതല്‍ യുവത്വം വേണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ കെ.എന്‍.ബാലഗോപാലിന്റെ പേരു പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍, കേരള ഘടകത്തിന്റെ സമ്മര്‍ദത്തില്‍ വിജയരാഘവന്‍ വന്നു. ആര് പി.ബിയില്‍ വരികയാണെങ്കിലും മുഴുവന്‍ സമയം പാര്‍ട്ടി സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിക്കണമെന്നാണ് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടത്.

ബാലഗോപാല്‍ മന്ത്രിയായതിനാല്‍ സി.സിയില്‍ കേരള ഘടകത്തിന്റെ മൂര്‍ച്ഛയുള്ള നാവായി മാറാറുള്ള എ.വിജയരാഘവനു മുന്‍ഗണന കിട്ടി. കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍മൊള്ള ഒഴിയുമ്പോള്‍ ദേശീയ പ്രസിഡന്റും മഹാരാഷ്ട്രയില്‍ നിന്നുള്ള സി.സി അംഗം അശോക് ധാവ്ളെ വരുമെന്ന് ഉറപ്പായിരുന്നു.

ബംഗാളില്‍ നിന്നും ബിമന്‍ ഒഴിയുന്ന മുറയ്ക്ക് സൈദ്ധാന്തികമുഖമായ ശ്രീ ഭട്ടാചാര്യ വന്നേയ്ക്കും. കശ്മീരില്‍ നിന്നുള്ള നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, ഇപ്പോള്‍ പാര്‍ട്ടി സെന്ററിലുള്ള ജോഗീന്ദര്‍ ശര്‍മ്മ എന്നിവരുടെ പേരുകളും അണിയറചര്‍ച്ചകളില്‍ ഉണ്ടായിരുന്നു. ദളിത് പ്രാതിനിധ്യത്തിന്റെ പേരില്‍ ത്രിപുര സംസ്ഥാന സെക്രട്ടറി ദീപേന്ദ്ര ചൗധരിയുടെ പേരും ഉയര്‍ന്നു വന്നു.

ടി.എന്‍.സീമ, പി.എ.മുഹമ്മദ് റിയാസ്, പി.കെ.ബിജു, എം.സ്വരാജ് എന്നിവരുടെ പേരുകളും കേരള ഘടകത്തിന്റെ മനസിലുണ്ടായിരുന്നു.എന്നാല്‍, മുതിര്‍ന്ന നേതാക്കളെന്ന നിലയില്‍ വനിതാപ്രാതിനിധ്യത്തില്‍ സി.എസ്.സുജാത, പി.സതീദേവി എന്നിവര്‍ക്കു മുന്‍ഗണന ലഭിച്ചു.

കേന്ദ്ര സെക്രട്ടേറിയറ്റ് രൂപവത്കരിക്കാന്‍ ധാരണയുണ്ടെങ്കിലും സമ്മേളനത്തിലുണ്ടാവുമോയെന്ന് വ്യക്തമല്ല. അതിലേക്ക് എളമരം കരീം, വിജു കൃഷ്ണന്‍ എന്നിവരാണ് ഉയര്‍ന്നു കേള്‍ക്കുന്ന മലയാളി പേരുകള്‍. എസ്.എഫ്.ഐ മുന്‍ ജനറല്‍ സെക്രട്ടറി വിക്രം സിങ് ഉള്‍പ്പെടെയുള്ള യുവനിരയും സെക്രട്ടേറിയറ്റില്‍ വന്നേയ്ക്കും.

We would like to thank the writer of this post for this awesome web content

പാർട്ടി പ്രായം കുറച്ചു; കേന്ദ്ര നേതൃനിരയിലേയ്ക്ക് പുതുമുഖങ്ങൾ

Debatepost