യുപിയിൽ ഒറ്റയ്ക്ക്, ബംഗാളിൽ സഖ്യം; കോൺഗ്രസിന് മുന്നിൽ നിർദേശങ്ങളുമായി പ്രശാന്ത് കിഷോർ


. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വവുമായി പ്രശാന്ത് കിഷോര്‍ ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു

പ്രശാന്ത് കിഷോർ, സോണിയ രാഹുൽ |ഫോട്ടോ:PTI

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനോട് കോണ്‍ഗ്രസിന്‍റെ കണ്‍സള്‍ട്ടന്റായി നില്‍ക്കാതെ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ പ്രശാന്ത് കിഷോറാണ് തീരുമാനമെടുക്കേണ്ടതെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വവുമായി പ്രശാന്ത് കിഷോര്‍ ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ പ്രശാന്ത് കിഷോര്‍ പാര്‍ട്ടിക്ക് മുന്നോട്ടുള്ള പ്രയാണത്തിന് വേണ്ട വിശദമായ അവതരണം നടത്തിയെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.

2024-ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട 370 മണ്ഡലങ്ങളെ വിശദീകരിച്ച പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യങ്ങള്‍ സംബന്ധിച്ചും പരിഹാരക്രിയകള്‍ സംബന്ധിച്ചും നേതൃത്വത്തിന് മുന്നില്‍ അവതരണം നടത്തി. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളും പദ്ധതികളും ചര്‍ച്ചചെയ്യുന്നതിനും പഠിക്കുന്നതിനുമായി അഞ്ചു പേരോ അതില്‍ താഴെയോ ഉള്ള ഒരു ചെറിയ സമിതി കോണ്‍ഗ്രസ് ഉടന്‍ രൂപീകരിക്കുമെന്ന് കെ.സി. വേണുഗോപാല്‍ മാധ്യമങ്ങളെ അറിയിച്ചു.

‘ദീര്‍ഘനാളായി പ്രശാന്ത് കിഷോറുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ട്. നേരത്തെയുള്ളതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കുറേയധികം കാര്യങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. മൂന്ന് മണിക്കൂര്‍കൊണ്ട് ചര്‍ച്ചചെയ്യേണ്ട നിര്‍ദേശമല്ല പ്രശാന്ത് കിഷോര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. പാര്‍ട്ടി താഴേത്തട്ടില്‍നിന്ന് ശക്തിപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ അതിലുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ നിശ്ചയിക്കുന്ന സമിതി അടുത്ത ദിവസങ്ങളില്‍ മുഴുവനായും പ്രശാന്ത് കിഷോറുമായി കൂടിയാലോചനകള്‍ നടത്തും. ഇതിന് ശേഷം സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അധ്യക്ഷ അന്തിമമായ തീരുമാനം എടുക്കും. പ്രശാന്ത് കിഷോറിന്റെ റോള്‍ പാര്‍ട്ടിക്ക് പുറത്തുവേണോ അകത്തുവേണോ എന്നത് ഈ ചര്‍ച്ചകള്‍ക്ക് ശേഷമാകും തീരുമാനിക്കുക’, വേണുഗോപാല്‍ പറഞ്ഞു.

ഏതെല്ലാം സംസ്ഥാനങ്ങളില്‍ ഏതെല്ലാം പാര്‍ട്ടികളുമായി സഖ്യത്തില്‍ വരണമെന്നതടക്കം പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കണം. തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സഖ്യത്തിലേര്‍പ്പെടണമെന്നും പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

540-ഓളം നിര്‍ദേശങ്ങള്‍ പ്രശാന്ത് കിഷോര്‍ മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് വിവരം. പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാല്‍, രന്ദീപ് സിങ് സുര്‍ജെവാല, മുകുള്‍ വാസ്‌നിക്, ജയ്‌റാം രമേശ് എന്നീ അഞ്ച് നേതാക്കളാകും പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങള്‍ പഠിക്കുന്ന സമിതിയിലുണ്ടാകുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, സമിതിയെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Content Highlights: Alone in UP; Alliance in Bengal; Prashant Kishore Has Drawn Up 2024 Plan-congress

Get daily updates from Mathrubhumi.com

We want to say thanks to the author of this article for this amazing web content

യുപിയിൽ ഒറ്റയ്ക്ക്, ബംഗാളിൽ സഖ്യം; കോൺഗ്രസിന് മുന്നിൽ നിർദേശങ്ങളുമായി പ്രശാന്ത് കിഷോർ

Debatepost