രാഷ്ട്രപതിക്കായി തന്ത്രം പാളരുത്, പ്രതിപക്ഷം സഹായിക്കണം; തോൽക്കുമോ ബിജെപി?

അടുത്ത രാഷ്ട്രപതി തിരഞ്ഞെടുപ്പ് ബിജെപിക്കും ദേശീയ ജനാധിപത്യ സഖ്യത്തിനും (എൻഡിഎ) വെല്ലുവിളിയാകുമോ? കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയ അനായാസ വിജയം ഇത്തവണ അസാധ്യമെന്നാണ് കണക്കുകൾ നൽകുന്ന സൂചന. ലോക്സഭയിലെ വൻ ഭൂരിപക്ഷത്തിനും രാജ്യസഭയിലെ സംഖ്യാബലത്തിനുമപ്പുറം ഏറ്റവുമധികം സംസ്ഥാനങ്ങളും ഭരിക്കുന്നതു ബിജെപിയും സഖ്യ കക്ഷികളുമാണെങ്കിലും, എണ്ണത്തിനൊപ്പിച്ച് വണ്ണം പോരെന്നത്  രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യസഖ്യത്തിനു വലിയ വെല്ലുവിളി തന്നെയാണ്. എന്നാൽ, തന്ത്രജ്ഞരായ ബിജെപി നേതൃത്വം ഈ പ്രതിസന്ധി എങ്ങനെയും മറികടക്കും എന്നു തന്നെയാണ് നിരീക്ഷകരുടെ കണക്കുകൂട്ടൽ.

2017ൽ അപ്രതീക്ഷിതമായിരുന്നു രാഷ്ട്രപതി പദത്തിലേക്കുള്ള റാംനാഥ് കോവിന്ദിന്റെ വരവ്. ദലിത് വിഭാഗത്തിൽ നിന്നുള്ള ആളെ ബിജെപി കൊണ്ടുവരും എന്ന് ഏറെ മുൻപേ കേട്ടിരുന്നെങ്കിലും പേരു വന്നപ്പോൾ പലരും അദ്ഭുതപ്പെട്ടു. അതുവരെ പറഞ്ഞു കേട്ട പല പേരുകൾക്കുമപ്പുറം, ബിജെപിയുടെ മറ്റു നേതാക്കൾ പോലും പ്രതീക്ഷിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ ബിജെപി അധ്യക്ഷൻ അമിത് ഷായും കോവിന്ദിനെ അവതരിപ്പിച്ചത്. പ്രതിപക്ഷവും ദലിത് വിഭാഗത്തിൽനിന്നു തന്നെ സ്ഥാനാർഥിയെ നിർത്തി തിരിച്ചടിച്ചെങ്കിലും ബിജെപിയുടെ അന്നത്തെ അംഗബലവും തന്ത്രങ്ങളും തിര‍ഞ്ഞെടുപ്പ് അനായാസമാക്കി. എതിരാളിയുടെ ഇരട്ടിയോളം വോട്ടുമായാണ് റാംനാഥ് കോവിന്ദ് രാഷ്ട്രപതി പദത്തിൽ ഉപവിഷ്ടനായത്.

പ്രതിപക്ഷത്തിന് ഇപ്പോഴും ഏറെ പ്രതീക്ഷ നൽകുന്നതാണ് അടുത്ത രാഷ്ട്രപതി തിരഞ്ഞെടുപ്പ്. ബിജെപി തോൽവി മണക്കുന്നുവെന്ന് പ്രചരിപ്പിക്കുന്ന പ്രതിപക്ഷ നേതാക്കൾ ഏറെയാണ്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനായില്ലെങ്കിലും സംസ്ഥാനങ്ങളിലെ വോട്ടിന്റെ ബലത്തിൽ വിജയിച്ചു കയറാമെന്ന്  ഒട്ടേറെ പ്രതിപക്ഷ നേതാക്കൾ കണക്കുകൂട്ടുന്നു. എന്നാൽ അതു വെറും മനഃപായസം മാത്രമാണെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. ലോക്സഭയിലും രാജ്യസഭയിലും ദേശീയ ജനാധിപത്യ സഖ്യത്തിന് വൻഭൂരിപക്ഷമുണ്ടെങ്കിലും പല വലിയ സംസ്ഥാനങ്ങളുടെയും ഭരണം ബിജെപി ഇതര കക്ഷികൾക്കുണ്ടെന്നതാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിസന്ധിയിലാക്കുന്നതും പ്രതിപക്ഷത്തിനു പ്രതീക്ഷ നൽകുന്നതും.


നരേന്ദ്ര മോദി, റാംനാഥ്‌ കോവിന്ദ്. ചിത്രം: AFP

അഞ്ചിടത്തെ തിരഞ്ഞെടുപ്പോടെ ബിജെപിയെ തളയ്ക്കുമെന്നായിരുന്നു പ്രതിപക്ഷത്തെ മിക്ക നേതാക്കളുടെയും കണക്കുകൂട്ടൽ. എന്നാൽ, ഇതിൽ നാല് സംസ്ഥാനങ്ങളിലെ ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റവും പഞ്ചാബിലെ ആംആദ്മിയുടെ വിജയവും പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടൽ തെറ്റിക്കുന്നു. ഉത്തരാഖണ്ഡിലും ഗോവയിലും വിജയിക്കുമെന്നും പഞ്ചാബിൽ തകരില്ലെന്നുമായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷ. എന്നാൽ ഈ തിരഞ്ഞെടുപ്പു ഫലം വന്നതോടെ പ്രതിപക്ഷത്തു രൂപപ്പെട്ട അനൈക്യമാണ് ഇന്ന് ബിജെപിക്ക് ഏറെ പ്രതീക്ഷ നൽകുന്നത്. 

തിരഞ്ഞെടുക്കുന്നത് ഇലക്ടറൽ കോളജ്

ഇലക്ടറൽ കോളജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ലോക്സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും നിയമസഭകളിലെ അംഗങ്ങളും അടങ്ങുന്നതാണ് ഇലക്ടറൽ കോളജ്. രാജ്യത്തെയും സംസ്ഥാനത്തെയും ജനസംഖ്യയ്ക്ക് ആനുപാതികമായി ഓരോ അംഗത്തിന്റെയും വോട്ടിന് മൂല്യം നിർണയിച്ചിട്ടുണ്ട്. 1971ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് ഇപ്പോഴും മൂല്യം നിർണയിക്കുന്നത് എന്നത് പ്രത്യേകതയാണ്.


kovind-venkaiah

റാംനാഥ്‌ കോവിന്ദ്, വെങ്കയ്യ നായിഡു. ചിത്രം: AFP

ജനസംഖ്യയെ പാർലമെന്റ് സീറ്റിന്റെയും നിയമസഭാ സീറ്റിന്റെയും  എണ്ണം കൊണ്ട് ഭാഗിച്ചാണ് മൂല്യം നിശ്ചയിക്കുന്നത്. അങ്ങനെ പാർലമെന്റ് അംഗത്തിന്റെ ഒരു വോട്ടിന്റെ മൂല്യം 708 ആണ്. ഈ മാനദണ്ഡത്തിന് അര നൂറ്റാണ്ട് കഴിഞ്ഞിട്ടും മാറ്റമുണ്ടായിട്ടില്ല. ലോക്സഭ, രാജ്യസഭ, നിയമസഭ അംഗങ്ങൾ ഉൾപ്പെട്ട ഇലക്ടറൽ കോളജിലെ മൊത്തം വോട്ടിന്റെ മൂല്യം 10,98,903 ആണ്. എംഎൽഎമാരിൽ ഏറ്റവും കൂടിയ  മൂല്യമുള്ള വോട്ടർമാർ യുപിയിലാണ്-208. ഏറ്റവും കുറവ് സിക്കിമിലും-7. മിസോറമിലും അരുണാചലിലും എട്ടും നാഗാലാൻഡിൽ ഒൻപതുമാണ് വോട്ടിന്റെ മൂല്യം. കേരളത്തിലെ ഒരു എംഎൽഎയുടെ വോട്ടിന്റെ മൂല്യം 152 ആണ്.  ലോക്സഭയിലെ 543 പേരുടെയും രാജ്യസഭയിലെ  തിരഞ്ഞെടുക്കപ്പെട്ട 233 പേരുടെയും ഉൾപ്പെടെ 776 പേരുടെ  മൊത്തം മൂല്യം 5,49,408 ആണ്. (543+233 = 776 X 708 = 5,49,408). നിയമസഭകളിലെ മൊത്തം എംഎൽഎ മാരുടെ വോട്ടുമൂല്യം 5,49,496. ഇപ്പോഴത്തെ ജനസംഖ്യ അനുസരിച്ച് മാറിയാൽ കേരളത്തിന്റെ വോട്ട് മൂല്യം 240ഉം യുപിയുടേത് 501ഉം ആകും.

കണക്കുകളിൽ ഭരണപക്ഷം പിന്നിൽ

ഇപ്പോഴത്തെ കണക്കനുസരിച്ച് പ്രതിപക്ഷം ഒന്നിച്ചാൽ രാഷ്ട്രപതി തിരഞ്ഞെടുപ്പ് ബിജെപിക്ക് കനത്ത വെല്ലുവിളിയാകും. പ്രതിപക്ഷ സ്ഥാനാർഥി ജയിച്ചുകയറിയാൽ പോലും അദ്ഭുതപ്പെടേണ്ട. ബിജെപിക്കും സഖ്യകക്ഷികൾക്കും എളുപ്പത്തിൽ ജയിക്കാനുള്ള വോട്ടില്ലെന്നതാണ് യാഥാർഥ്യം. വിജയത്തിനു തൊട്ടരികെ മാത്രം നിൽക്കുന്ന ഭരണപക്ഷത്തിന്, കഴിഞ്ഞ തവണ കിട്ടിയ സഹായവും പ്രയോഗിച്ച തന്ത്രങ്ങളും ആവർത്തിച്ചാലേ  ഇത്തവണയും ജയിച്ചു കയറാനാവൂ. അതുണ്ടാവും എന്നുതന്നെയാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

ബിജെപിക്ക് ലോക്സഭയിൽ 301ഉം രാജ്യസഭയിൽ 101ഉം അംഗങ്ങളാണുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി 1241 നിയമസഭാംഗങ്ങളുമുണ്ട്. സഖ്യകക്ഷികൾക്കെല്ലാം കൂടി ലോക്സഭയിൽ 333 പേരും രാജ്യസഭയിൽ 117 പേരുമുണ്ട്. പ്രതിപക്ഷത്ത് കോൺഗ്രസിന്റെ 52 പേർ ഉൾപ്പെടെ യുപിഎക്ക് 189 പേരാണുള്ളത്, എന്നാൽ ഒരു മുന്നണിയിലും ഇല്ലാത്ത ബിഎസ്പി, അകാലിദൾ, ബിജെഡി, വൈഎസ്ആർ കോൺഗ്രസ് എന്നിവയ്ക്ക് ഇരുസഭയിലും എംപിമാർ ഉണ്ട്. മുന്നൂറോളം എംഎൽഎമാരുമുണ്ട്. ഇപ്പോഴത്തെ കണക്കനുസരിച്ച്  മൊത്തമുള്ള 10,98,903 വോട്ടിൽ 5,12,000 വോട്ട് മാത്രമേ ദേശീയ ജനാധിപത്യ സഖ്യത്തിന്റേതായി കിട്ടാൻ സാധ്യതയുള്ളൂ. വിജയിക്കാൻ വേണ്ട 5,49,460 വോട്ടിന് 37,500 വോട്ടിന്റെ കുറവ്. നിയമസഭ സസ്പെൻഡ് ചെയ്ത ജമ്മു കശ്മീരിലെ 87 എംഎൽമാരുടെ വോട്ട് മൂല്യമായ 6264 വോട്ട് കുറച്ചാൽ പോലും 5,46,320 വോട്ടുനേടിയാലേ വിജയം സാധ്യമാകൂ.

വോട്ടു മൂല്യത്തിൽ ഭരണപക്ഷത്തിനാണ് മുൻതൂക്കമെങ്കിലും അതിവേഗം ജയിച്ചുകയറാൻ കഴിയാത്ത സ്ഥിതിയാണ്. കരുത്തനും പൊതുസമ്മതനുമായ സ്ഥാനാർഥിയെ യുപിഎയുടെ നേതൃത്വത്തിൽ കണ്ടെത്തിയാൽ ബിജെപിയുടെ വിജയം അസാധ്യമാകാം. എന്നാൽ, സംയുക്ത സ്ഥാനാർഥിയെ ഇപ്പോൾ പ്രതിപക്ഷത്തുള്ള എല്ലാവരും ഒരുപോലെ പിന്തുണയ്ക്കുമോ എന്ന് കണ്ടറിയണം. 11 സംസ്ഥാനങ്ങൾ എൻഡിഎ വിരുദ്ധ കക്ഷികളാണ് ഭരിക്കുന്നതെങ്കിലും അഞ്ചിടത്ത് മാത്രമാണ് യുപിഎ ഭരണമുള്ളത്. മറ്റ് ആറിടത്തും ഒരു മുന്നണിയിലും പെടാത്തവരാണ് ഭരണത്തിൽ. ഇതിൽ ബംഗാളിലെ തൃണമൂൽ കോൺഗ്രസും തെലങ്കാനയിലെ ടിആർഎസും മാത്രമാണ് യുപിഎക്കൊപ്പം ചേർന്നു പോകാൻ താൽപര്യമുള്ളവർ. മറ്റുള്ളവരിൽ ഒഡിഷയിലെ ബിജെഡിയും ആന്ധ്രയിലെ വൈഎസ്ആർ കോൺഗ്രസും തങ്ങളുടെ വ്യക്തിത്വം നിലനിർത്തി പോകാനായിരിക്കും താൽപര്യം കാട്ടുക. ഡൽഹിയിലും പഞ്ചാബിലും ഭരണത്തിലേറിയ ആം ആദ്മി പാർട്ടി ഏതെങ്കിലും മുന്നണിയെ പിന്തുണയ്ക്കുമോ എന്ന് കണ്ടറിയണം. എന്നാൽ, ബിജെപിയോടുള്ള എതിർപ്പു മൂലം പ്രതിപക്ഷ സ്ഥാനാർഥിയെ പിന്തുണയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. ഇത്തരമൊരു സാഹചര്യത്തിലും പ്രതിപക്ഷത്തുള്ള ഐക്യമില്ലായ്മ തന്നെയാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ.

പ്രതിപക്ഷത്ത് ഏറ്റവും കൂടുതൽ വോട്ടുള്ള കോൺഗ്രസിനെ മാറ്റിനിർത്തിക്കൊണ്ട് ഒരു പോരാട്ടം പ്രതിപക്ഷത്തിന് അസാധ്യമാവും. കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവുമധികം വോട്ട് തൃണമൂൽ കോൺഗ്രസിനും ഡിഎംകെയ്ക്കുമാണ്. ഇരുവരുടെയു നിലപാട് നിർണായകമാവും. ബിജെപി ഇതര മുഖ്യമന്ത്രിമാരിൽ ഏറ്റവും കരുത്തൻ എം.കെ.സ്റ്റാലിനാണെന്ന് സീതാറാം യച്ചൂരി പറഞ്ഞത് ഡിഎംകെ നിലപാടിനൊപ്പമാവും സിപിഎം എന്ന സൂചനയാണ് നൽകുന്നത്. ലോക്സഭയിലെ മൂന്നും രാജ്യസഭയിലെ ആറും ഉൾപ്പെടെ ഒൻപത് എംപിമാരും കേരളത്തിലെ 62, ത്രിപുരയിലെ 16 ഉൾപ്പെടെ 9 സംസ്ഥാനങ്ങളിലായി 97 എംഎൽഎമാരും മാത്രമാണ് ഇപ്പോൾ സിപിഎമ്മിനുള്ളത്. മൊത്തം വോട്ട് മൂല്യം 17, 624.

ഇരട്ടി വോട്ടോടെ റാംനാഥിന്റെ വിജയം

കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ റാംനാഥ് കോവിന്ദിന്റെ വിജയം സുഗമവും സുനിശ്ചിതവും ആയിരുന്നു. ബിജെപി അദ്ദേഹത്തെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ സഖ്യകക്ഷികൾക്കു പുറമേ, അണ്ണാ ഡിഎംകെ, ബിജു ജനതാദൾ, തെലുങ്കുദേശം, തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്) തുടങ്ങിയ കക്ഷികൾ പിന്തുണ നൽകി. അതോടെ 65.55 ശതമാനം വോട്ടുമായി അദ്ദേഹം വിജയം നേടി. പോൾ ചെയ്ത 10,69,358 ൽ 7,02,044 വോട്ട് കോവിന്ദിന് കിട്ടിയപ്പോൾ എതിരാളി മുൻ ലോക്സഭാ സ്പീക്കർ മീരാകുമാറിന് 3,67,314 വോട്ടാണ് കിട്ടിയത്. പാർലമെന്റംഗങ്ങളിൽ 522 പേർ കോവിന്ദിന് വോട്ടു ചെയ്തപ്പോൾ 225 വോട്ടാണ് മീരയ്ക്കു ലഭിച്ചത്. (മൂല്യം: കോവിന്ദ് – 3,69,576, മീര –1,59,300).


rashtrapati-bhavan

രാഷ്‌ട്രപതി ഭവൻ. ചിത്രം: AFP

സംസ്ഥാനങ്ങളിൽ ഏറ്റുമധികം വോട്ടുള്ള യുപിയിൽ 403 ൽ 335 വോട്ട് കോവിന്ദിനായിരുന്നു. ഏറ്റവും കുറവു വോട്ടുള്ള പുതുച്ചേരിയിൽ മീരാകുമാറിന് 19 ഉം കോവിന്ദിന് പത്തുമായിരുന്നു വോട്ട്. ബിജെപി ഭരണമുണ്ടായിരുന്ന രാജസ്ഥാൻ (200 ൽ 166 വോട്ട്), മഹാരാഷ്ട്ര (288 ൽ 208) എന്നിവിടങ്ങളിൽ കിട്ടിയ നല്ല ശതമാനം വോട്ട് കോവിന്ദിന്റെ വിജയം അനായാസമാക്കി. പിന്തുണ നൽകിയ ബിജെഡിയുടെ ഒഡീഷയിൽ 147 ൽ 127 വോട്ടും കോവിന്ദിനായിരുന്നു. ഗുജറാത്തിൽ 182 ൽ 132 ഉം ഹരിയാനയിൽ 90 ൽ 73 ഉം വോട്ട് കോവിന്ദ് നേടി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മിക്കതിലും കോവിന്ദിന് മികച്ച രീതിയിൽ വോട്ടു നേടാനായി.

കോവിന്ദിനെ പിന്തുണച്ച് പ്രതിപക്ഷനിര

എൻഡിഎയ്ക്ക് പുറത്തായിരുന്ന അണ്ണാ ഡിഎംകെ, ജെഡി(യു), ബിജെഡി, ടിആർഎസ്, തെലുങ്കുദേശം കക്ഷികളുടെ പിന്തുണയോടെയാണ് കഴിഞ്ഞ തവണ റാംനാഥ് കോവിന്ദ് വൻ വിജയം ഉറപ്പാക്കിയത്. ഇതിൽ അണ്ണാ ഡിഎംകെ, ജെഡി(യു) കക്ഷികൾ ഇപ്പോൾ എൻഡിഎയ്ക്കൊപ്പം തന്നെയാണ്. മറ്റുള്ളവരുടെ പിന്തുണ ഇത്തവണയും നേടാനാവും എന്ന കണക്കുകൂട്ടലിലാണ് ബിജെപി നേതൃത്വം. എന്നാൽ, തെലങ്കാനയിൽ തങ്ങളെ വെല്ലുവിളിക്കുന്ന ബിജെപിയെ ടിആർഎസ് പിന്തുണയ്ക്കുമോ എന്നത് കണ്ടറിയണം. കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് അധികാരത്തിൽ ഇല്ലാതിരുന്ന ആന്ധ്രയിലെ വൈഎസ്ആർ കോൺഗ്രസിന്റെ പിന്തുണ നേടാനും എൻഡിഎ ശ്രമിക്കും.

വൈഎസ്ആർ കോൺഗ്രസോ ബിജെഡിയോ പിന്തുണച്ചാൽ എൻഡിഎയുടെ വിജയം സുഗമമാകും. ഇവയ്ക്കൊപ്പം കഴിഞ്ഞ തവണത്തെപ്പോലെ മറ്റു ചെറു കക്ഷികളുടെയും അപൂർവമായി മാത്രമുള്ള സ്വതന്ത്രൻമാരുടെയും പിന്തുണ കൂടി നേടിയാൽ എൻഡിഎ വിജയം കഴിഞ്ഞ തവണത്തെപ്പോലെ അനായാസമാവും. വൈഎസ്ആർ കോൺഗ്രസിന് ലോക്സഭയിൽ 22 ഉം രാജ്യസഭയിൽ ആറും ഉൾപ്പെടെ 28 എംപിമാരും 151 എംഎൽഎമാരുമുണ്ട്. ഇവരുടെ വോട്ടുമൂല്യം 45,383 ആണ്.  21 എംപിമാരും 117 എംഎൽഎമാരുമുള്ള ബിജെഡിയുടെ വോട്ട്മൂല്യം 31,920 ആണ്. പ്രതിപക്ഷത്താണെങ്കിലും ഒരു മുന്നണിയിലും ചേരാതെ നിൽക്കുന്ന തെലുങ്കുദേശം, മായാവതിയുടെ ബിഎസ്പി, അകാലിദൾ, ജനതാദൾ എസ്, ഉവൈസിയുടെ എഐഎംഐഎം തുടങ്ങിയ കക്ഷികളുടെ പിന്തുണ നേടാനും  ബിജെപി ശ്രമിക്കും. ഈ കക്ഷികൾക്കെല്ലാം കൂടി 25 അംഗങ്ങളാണ് പാർലമെന്റിൽ ഉള്ളത് (ലോക്സഭയിൽ 19 പേരും രാജ്യസഭയിൽ ആറും). വിവിധ നിയമസഭകളിലായി 85 എംഎൽഎമാരുമുണ്ട്. 


sharad-pawar

ശരദ് പവാർ.

കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പു കാലത്ത്  ബിജെപി അധികാരത്തിലിരുന്നതും വോട്ടുമൂല്യം കൂടുതലുള്ളതുമായ വലിയ സംസ്ഥാനങ്ങളിലെ ഭരണ മാറ്റമാണ് ബിജെപിയെ പ്രതിസന്ധിയിലാക്കിയത്. റാംനാഥ് കോവിന്ദ് വൻതോതിൽ വോട്ടു നേടിയ രാജസ്ഥാൻ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ജാർഖണ്ഡ്  തുടങ്ങിയ സംസ്ഥാനങ്ങളിലും തമിഴ്നാട്ടിലും എൻഡിഎയ്ക്ക് ഭരണം നഷ്ടമായതും മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ എംഎൽഎമാരുടെ എണ്ണം കുറഞ്ഞതുമാണ് എൻഡിഎയ്ക്ക്  മത്സരം കടുത്തതാക്കുന്നത്. കർണാടകം, ബംഗാൾ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ മാത്രമാണ് കഴിഞ്ഞ തവണത്തേക്കാൾ ബിജെപിക്ക് എംഎൽഎമാർ കൂടിയിട്ടുള്ളത്.

സ്ഥാനാർഥി മുഖ്യം

മറ്റു തിരഞ്ഞെടുപ്പുകൾ പോലെ ലളിതമല്ല രാഷ്ട്രപതി തിരഞ്ഞെടുപ്പ്. വളരെ സങ്കീർണമായ സംവിധാനത്തിൽ ആർക്കും അനായാസം കടക്കാനാവില്ല. അതുതന്നെയാണു ബിജെപിയെ ആശങ്കപ്പെടുത്തുന്നതും. വിജയത്തിനു വേണ്ട മൊത്തം വോട്ടിന് തൊട്ടടുത്തു മാത്രം നിൽക്കുകയാണ് ബിജെപി സഖ്യം. വോട്ടിന്റെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ കാൽലക്ഷത്തോളം വോട്ട് കണ്ടെത്തിയാലേ വിജയം എളുപ്പമാവൂ. പല തട്ടിലാണെങ്കിലും പ്രതിപക്ഷം എതാണ്ട് ഒപ്പം തന്നെയുണ്ട്. റാംനാഥ് കോവിന്ദിന് ഒരവസരം കൂടി നൽകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. കേന്ദ്ര സർക്കാരിന് ഒരു പ്രയാസവും സൃഷ്ടിക്കാത്ത രാഷ്ട്രപതി എന്ന നിലയിൽ ബിജെപിക്ക് ഏറെ സ്വീകാര്യൻ തന്നെയാണ് റാംനാഥ് കോവിന്ദ്. എങ്കിലും ഒരവസരം കൂടി നൽകാൻ സാധ്യതയില്ലെന്നാണ് പൊതുവേ നിരീക്ഷിക്കപ്പെടുന്നത്. അങ്ങനെ ഉണ്ടായില്ലെങ്കിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തന്നെ ബിജെപിയുടെ സ്ഥാനാ‍ർഥിയാവും എന്നാണ് പൊതുവേ കണക്കുകൂട്ടുന്നത്.


venkaiah-naidu

വെങ്കയ്യ നായിഡു.

പ്രതിപക്ഷ കക്ഷികളുമായി നല്ല ബന്ധമുള്ള വ്യക്തി എന്ന നിലയിൽ ബിജെപി ഇതര വോട്ട് സമാഹരിക്കാൻ ഏറ്റവും അനുയോജ്യൻ നായിഡുവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വെങ്കയ്യ വന്നാൽ, ഇപ്പോൾ പ്രതിപക്ഷത്താണെങ്കിലും കോൺഗ്രസ് ക്യാംപിലല്ലാത്ത കക്ഷികളെ സ്വാധീനിക്കാൻ കഴിയും എന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്. പ്രത്യേകിച്ച് കഴിഞ്ഞ തവണ അനുകൂലിച്ച ആന്ധ്ര കക്ഷികളെയും ബിജെഡിയെയും ഒപ്പം നിർത്താനാവും എന്ന ചിന്ത ഉണ്ടാവും. തെലുങ്ക് അഭിമാനം ഉയർത്തി ടിഡിപിക്കൊപ്പം വൈഎസ്ആർ കോൺഗ്രസിനെയും തെലങ്കാനയിലെ ടിആർഎസിനെയും കൂടെക്കൂട്ടിയാൽ വിജയം കഴിഞ്ഞ തവണത്തെപ്പോലെ അനായാസമായേക്കും. വേണ്ടി വന്നാൽ എംഐഎം നേതാവ് ഉവൈസിയുടെ പോലും പിന്തുണ നേടാൻ ബിജെപിക്കു കഴിഞ്ഞേക്കും. അതേസമയം, സ്ഥാനാർഥി മറ്റൊരാളായാലും ഈ കക്ഷികളെത്തന്നെ കൂടെക്കൂട്ടാൻ ബിജെപി ശ്രമിക്കും. എന്നാൽ, നല്ല പാർട്ടി ബന്ധമുള്ള ഒരാളെത്തന്നെയാവും  ഇത്തവണ രാഷ്ട്രപതി പദത്തിലേക്ക് എത്തിക്കുക എന്നു തന്നെയാണ് നിരീക്ഷകർ വിലയിരുത്തുന്നത്. അങ്ങനെ വന്നാൽ പ്രധാനമായും പരിഗണിക്കുക വെങ്കയ്യയെത്തന്നെ ആയിരിക്കും. 

പ്രതിപക്ഷം പക്ഷേ ഇതുവരെ രാഷ്ട്രപതി തിരഞ്ഞെടുപ്പു ഗൗരവമായി ചർച്ച ചെയ്തിട്ടില്ല. സ്ഥാനാർഥിയാകാൻ മോഹമുള്ളവർ ഒട്ടേറെയുണ്ട്. എൻസിപി നേതാവ് ശരദ്പവാറിനെ സ്ഥാനാർഥിയാക്കാൻ പലരും രംഗത്തുവരും, പ്രത്യേകിച്ചു ശിവസേന പോലുള്ള കക്ഷികൾ. സ്ഥാനാർഥി മോഹമില്ലെന്ന് ബിഎസ്പി നേതാവ് മായാവതി അടുത്തിടെ പ്രഖ്യാപിക്കുകയുണ്ടായി. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെയും തമിഴ്നാട് മുഖ്യമന്ത്രി എം.െക. സ്റ്റാലിന്റെയും തീരുമാനം നിർണായകമാവും. ഇവരുടെ കൂടി അഭിപ്രായത്തെ മാനിച്ചേ കോൺഗ്രസ് നേതൃത്വം സ്ഥാനാർഥിത്വത്തിന് തയാറാവൂ എന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപിയെ തളയ്ക്കാനുള്ള ഏറ്റവും നല്ല അവസരമായി കണ്ട് പ്രതിപക്ഷം ഒറ്റക്കെട്ടായി നീങ്ങും എന്നുതന്നെയാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. അതേസമയം, എല്ലാവർക്കും സമ്മതനായ ഒരാളെ കണ്ടെത്താൻ പ്രതിപക്ഷവും നന്നായി ക്ലേശിക്കേണ്ടി വരും. കോൺഗ്രസിലെ നവീകരണ സംഘത്തിന്റെ നിലപാടുകളും നിർണായകമാവും.

ഉപരാഷ്ട്രപതി പദം വഴി രാഷ്ട്രപതി ഭവനിലേക്ക് 

ഇന്ത്യയിലെ പരമോന്നത സ്ഥാനമായ രാഷ്ട്രപതി പദത്തിൽ എത്തുക ഉപരാഷ്ട്രപതിമാർ ആണ് എന്നത് ആദ്യകാലങ്ങളിലെ പതിവായിരുന്നു. വി.വി.ഗിരിക്കു ശേഷം ഏറെക്കാലത്തേക്ക് അത് ഇല്ലാതായി. എന്നാൽ പിന്നീടും ചില ഉപരാഷ്ട്രപതിമാർ രാഷ്ട്രപതിപദത്തിലെത്തി. കെ.ആർ.നാരായണനാണ് ഉപരാഷ്ട്രപതി പദത്തിൽനിന്ന് രാഷ്ട്രപതിയായ അവസാനത്തെയാൾ.


apj-abdul-kalam

എ.പി.ജെ അബ്ദുൽ കലാം.

ആദ്യ ഉപരാഷ്ട്രപതിയായ സർവേപ്പിളളി രാധാകൃഷ്ണൻ, പത്തു വർഷം ആ പദവി വഹിച്ച ശേഷമാണ് രാഷ്ട്രപതിയായത്.  ഉപരാഷ്ട്രപതിമാരായ ആറ് പേർ രാഷ്ട്രപതിമാരായപ്പോൾ ആറ് പേർക്ക് അതിനുള്ള അവസരം കിട്ടിയില്ല. ഫക്രുദീൻ അലി അഹമ്മദ് അന്തരിച്ചപ്പോൾ ബി.ഡി.ജട്ടി ആക്ടിങ് രാഷ്ട്രപതിയായി. ചീഫ് ജസ്റ്റിസ് ആയിരിക്കെ രാഷ്ട്രപതിയുടെ ചുമതല നിർവഹിക്കാൻ അവസരം കിട്ടിയ ആളാണ് പിന്നീട് ഉപരാഷ്ട്രപതിയായ എം. ഹിദായത്തുല്ല. ഉപരാഷ്ട്രപതിമാരായിരുന്ന സാക്കിർ ഹുസൈൻ, വി.വി.ഗിരി, ആർ. വെങ്കിട്ടരാമൻ, ശങ്കർ ദയാൽ ശർമ, കെ.ആർ. നാരായണൻ എന്നിവർക്കും രാഷ്ട്രപതി ആകാൻ അവസരം ലഭിച്ചപ്പോൾ, ജി.എസ്.പാഠക്, ഹാമിദ് അൻസാരി എന്നിവർക്ക് അവസരം ലഭിച്ചില്ല.

ഇതുവരെ രാഷ്ട്രപതിയായ മൂന്ന് പേരൊഴികെ എല്ലാവരും കോൺഗ്രസുകാരായിരുന്നു. ഇപ്പോഴത്തെ രാഷ്ട്രപതി കോവിന്ദും എ.പി.ജെ അബ്ദുൽ കലാമുമാണ് രാഷ്ട്രപതിയായ ബിജെപിക്കാർ. കലാം സജീവ രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കിലും ബിജെപിയുടെ സ്ഥാനാർഥി എന്ന നിലയിലാണ് രാഷ്ട്രപതിയായത്. മുൻപ് കോൺഗ്രസ് രാഷ്ട്രപതി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ടെങ്കിലും ജനതാ പാർട്ടി പ്രതിനിധിയാണ് നീലം സഞ്ജീവ റെഡ്ഡി. രണ്ടാം മത്സരത്തിൽ 1977 ലാണ് രാഷ്ട്രപതിയായത്. കോൺഗ്രസിന്റെ ഒൗദ്യോഗിക സ്ഥാനാർഥിയെ തോൽപിച്ചാണ് ഉപരാഷ്ട്രപതിയായിരുന്ന വി.വി.ഗിരി രാഷ്ട്രപതി പദവിയിലെത്തിയത്. ഉപരാഷ്ട്രപതിയായ ആദ്യ ബിജെപി നേതാവ് മുൻ രാജസ്ഥാൻ മുഖ്യമന്ത്രി ഭൈരോൺ സിങ് ശെഖാവത് പിന്നീട് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഉപരാഷ്ട്രപതിയായിരിക്കെ അന്തരിച്ച കൃഷ്ണകാന്തിനും രാഷ്ട്രപതിയാവാൻ ഭാഗ്യമുണ്ടായില്ല. ഉപരാഷ്ട്രപതിയായി ഏറ്റവുമധികം കാലം പ്രവർത്തിച്ചത് എസ്.രാധാകൃഷ്ണനും ഹാമിദ് അൻസാരിയുമാണ്– 10 വർഷം വീതം.

എൻഡിഎ വോട്ടില്ലാതെ കേരളം

ഇത്തവണ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിന് ഒരു വോട്ടുപോലും കിട്ടാൻ സാധ്യതയില്ലാത്ത ഏക സംസ്ഥാനം കേരളമാവും. ബിജെപിക്ക് എംഎൽഎമാരില്ലാത്ത രണ്ട് സംസ്ഥാനങ്ങളിൽ ഒന്ന് കേരളവും മറ്റൊന്ന് സിക്കിമുമാണ്. സിക്കിം എൻഡിഎയോട് ആഭിമുഖ്യമുള്ള കക്ഷി ആയതിനാൽ വോട്ടു നൽകാതെ പുറം തിരിഞ്ഞു നിൽക്കുന്നത് കേരളമായിരിക്കും. കഴിഞ്ഞ തവണ ബിജെപിക്ക് ഒരു എംഎൽഎ ഉണ്ടായിരുന്നതിനാൽ കേരളത്തിൽനിന്ന് റാംനാഥ് കോവിന്ദിന് വോട്ടുണ്ടായിരുന്നു. ഇത്തവണ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയുണ്ടായാൽ മൊത്തമുള്ള 21,280 മൂല്യവോട്ടും ഭരണപക്ഷത്തിനെതിരാവും.

English Summary: President of India Voting to become a Key Test for BJP. Why is it so?

We wish to give thanks to the writer of this article for this amazing material

രാഷ്ട്രപതിക്കായി തന്ത്രം പാളരുത്, പ്രതിപക്ഷം സഹായിക്കണം; തോൽക്കുമോ ബിജെപി?

Debatepost