റഷ്യൻ ‘യുദ്ധ മിസൈൽ’ സ്വർണവിപണിയിലും; ഞെട്ടിച്ച് വിലക്കയറ്റം, വീണ്ടും കടക്കും 40,000?

കേരളത്തിൽ സ്വർണവില വീണ്ടും പവന് 40,000 രൂപയിലേക്കു കുതിക്കുന്നു. കഴിഞ്ഞ മാസം 40,560 രൂപയിലേക്ക് പവനു വില എത്തിയെങ്കിലും പിന്നീട് വില കുറഞ്ഞിരുന്നു. റഷ്യ–യുക്രെയ്ൻ യുദ്ധത്തെത്തുടർന്നാണ് മാർച്ചിൽ സ്വർണവില, 2020 ഓഗസ്റ്റിനു ശേഷം 40,000 തൊട്ടത്. റഷ്യ, അതിർത്തി രാജ്യങ്ങളിൽ വീണ്ടും സൈനിക വിന്യാസം നടത്തുന്നുവെന്ന വാർത്തകൾ പുറത്തുവന്നതും അമേരിക്കയുടെ ഉയർന്ന നാണ്യപ്പെരുപ്പക്കണക്കുകളുമാണ് ഇപ്പോൾ സ്വർണവില വീണ്ടും ഉയരാൻ കാരണമാകുന്നത്. കേരളത്തിൽ വിവാഹ സീസൺ ആരംഭിക്കാനിരിക്കെ വില കുതിച്ചുയരുന്നത് സാധാരണക്കാർക്ക് തിരിച്ചടിയാകും.

39,480 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. വൻകിട നിക്ഷേപകർ വീണ്ടും വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്ന പ്രവണതയാണ് ഇപ്പോൾ വിപണിയിൽ നിലനിൽക്കുന്നത്. ഓഹരി വിപണികളിലുണ്ടാകുന്ന ഇടിവും നിക്ഷേപകർ സ്വർണത്തിലേക്കു വീണ്ടും ചുവടുമാറ്റുന്നുവെന്ന സൂചനകളാണു നൽകുന്നത്. വിപണിയിലെ അസ്ഥിരത തുടർന്നാൽ കേരളത്തിൽ സ്വർണവില ഇതുവരെയുള്ള റെക്കോർഡുകൾ തകർത്തു മുന്നേറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഏപ്രിൽ 13ലെ കണക്കു പ്രകാരം 280 രൂപയാണ് പവനു കൂടിയത്. 4935 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഈ മാസത്തെ, അതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു അത്.


ukraine

യുക്രെയ്നിൽ റഷ്യൻ ആക്രമണത്തിൽ
കത്തി നശിച്ച കാർ. ചിത്രം: AFP

∙ യൂറോപ്പിൽ അസ്ഥിരത, സ്വർണത്തിനു തിളക്കം

രാജ്യാന്തര തലത്തിൽ യുദ്ധമോ മറ്റു രാഷ്ട്രീയ പ്രതിസന്ധിയോ ഉണ്ടാകുമ്പോൾ നിക്ഷേപകർ സ്വർണത്തിലേക്കു കൂടുമാറുന്നത് പതിവാണ്. യുക്രെയ്ൻ–റഷ്യ യുദ്ധം സ്വർണവിലയിൽ കാര്യമായ സ്വാധീനം ഉണ്ടാക്കുന്നുണ്ട്. യുദ്ധം രണ്ടു മാസം പിന്നിടുമ്പോഴും ആഗോള വൻകിട നിക്ഷേപകർക്ക് സ്വർണത്തോടുള്ള താൽപര്യം കുറയുന്നില്ല. എന്നാൽ യുദ്ധത്തിന്റെ തുടക്കത്തിൽ സ്വർണവിലയിൽ കാര്യമായ വർധന ഉണ്ടായിരുന്നില്ല. റഷ്യ–യുക്രെയ്ൻ സംഘർഷം മൂന്നാം ലോക മഹായുദ്ധത്തിലേക്കു നയിച്ചേക്കില്ലെന്ന ആശ്വാസത്തിൽ നിക്ഷേപകർ വിട്ടുനിന്നതാണ് ഇതിനു കാരണം.

സ്വർണവില ഇടയ്ക്കൊക്കെ ഉയർന്നെങ്കിലും നിക്ഷേപകർ വീണ്ടും ഓഹരിയിലേക്കു തിരിച്ചു വരവു നടത്തിയതിനെ തുടർന്നു കുറഞ്ഞിരുന്നു. എന്നാൽ നാറ്റോ അംഗത്വത്തിന്റെ പേരിൽ റഷ്യ, അടുത്ത അതി‍ർത്തി രാജ്യമായ ഫിൻലൻഡിനു താക്കീത് നൽകിയതും അതിർത്തിയിൽ സൈനിക വിന്യാസം നടത്തിയതും യൂറോപ്പിനെയാകെ അസ്വസ്ഥമാക്കിയിട്ടുണ്ട്. സ്വീഡനെയും നാറ്റോ അംഗത്വത്തിൽ ചേർത്തതിൽ റഷ്യ എതിർപ്പ് അറിയിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ യുദ്ധം കൂടുതൽ രാജ്യങ്ങളിലേക്കു വ്യാപിക്കുമോ എന്ന ആശങ്കകളും വിപണിയിലുണ്ടാകുന്നുണ്ട്. ഇതാണ് രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ തിളക്കം വീണ്ടും കൂടാൻ കാരണമായത്. ഓഹരി വിപണികളിലെയും മറ്റും നിക്ഷേപം യുദ്ധകാലത്തു സുരക്ഷിതമല്ലെന്നാണ് വൻകിട നിക്ഷേപകരുടെ വിശ്വാസം.


gold-chain

സ്വർണത്തോടൊപ്പം മറ്റു മൂല്യമേറിയ ലോഹങ്ങളുടെയും വില ഉയരുന്നുണ്ട്. കഴിഞ്ഞ മാസം വരെ സ്വർണവിലയിൽ വലിയ മാറ്റങ്ങളുണ്ടായിരുന്നില്ല. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1780-1880 ഡോളർ എന്ന വില നിലവാരത്തിൽ ചാഞ്ചാടി നിൽക്കുകയായിരുന്നു സ്വർണം. എന്നാൽ യുദ്ധം മുറുകുകയും യുദ്ധം അവശേഷിപ്പിക്കുന്ന പ്രത്യാഘാതങ്ങൾ ആഗോള വിപണിയിൽ തുടരുകയും ചെയ്യുമെന്നുറപ്പായതോടെയാണ് മാർച്ചിൽ നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടാൻ തുടങ്ങിയത്. ഈ സാഹചര്യത്തിലാണ് മാർച്ച് പകുതിയോടെ കേരളത്തിലും സ്വർണവില പവന് 40,000 കടന്നു മുന്നേറിയത്. ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണം) 1970 ഡോളറിലേക്കു വില ഉയർന്നപ്പോഴാണ് കേരളത്തിൽ വില പവന് 40,000 കടന്നത്. ഇപ്പോൾ രാജ്യാന്തര വിപണിയിൽ വീണ്ടും 1970 ഡോളർ എന്ന നിർണായക നിലവാരം സ്വർണം പിന്നിട്ടു. 1978 ഡോളർ വരെ ഉയർന്ന വില പിന്നീട് അൽപം ഇടിഞ്ഞു. 1972 ഡോളറാണ് സ്പോട്ട് ഗോൾഡിന്റെ ഇപ്പോഴത്തെ വില. രാജ്യാന്തര വിപണിയിൽ ഇതേസ്ഥിതി തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽത്തന്നെ കേരളത്തിലെ സ്വർണവില പവന് 40,000 കടക്കും.

∙ നാണ്യപ്പെരുപ്പ ഭീഷണി

അമേരിക്കയുടെ നാണ്യപ്പെരുപ്പം വലിയ തോതിൽ ഉയരുന്നതു സ്വർണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ മാസത്തെ നാണ്യപ്പെരുപ്പത്തോത് ഇപ്പോൾ പുറത്തുവന്നതു സ്വർണവില കൂടാൻ കാരണമായി. 16 വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് കഴിഞ്ഞ മാസത്തെ നാണ്യപ്പെരുപ്പത്തോത്. റഷ്യ–യുക്രെയ്ൻ യുദ്ധം മൂലം എണ്ണവില ഉയർന്നതാണ് നാണ്യപ്പെരുപ്പം പിടിവിട്ട് കുതിക്കാൻ കാരണം. അമേരിക്കയിൽ റെക്കോർഡ് നിലവാരത്തിലാണ് ഇന്ധന (ഗ്യാസൊലിൻ) വില. ഉപഭോക്തൃ ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പത്തോത് 8.5 ശതമാനമാണ്. വിപണി പ്രതീക്ഷിച്ചത് 8.4 ശതമാനമായിരുന്നു.


TURKEY-POLITICS-ECONOMY-EXCHANGE-BANK

നാണ്യപ്പെരുപ്പം ഉയരുന്നത് രാജ്യത്തെ ഓഹരി വിപണികളുടെ തിളക്കം കുറയ്ക്കും. വളർച്ചാ നിരക്കിനെ ബാധിക്കുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് ഉയർന്ന പണപ്പെരുപ്പം. യുദ്ധം മൂലമുള്ള ക്രൂഡ്‌വില വർധന എല്ലാ രാജ്യങ്ങളിലെയും നാണ്യപ്പെരുപ്പത്തോതു കൂട്ടിയിട്ടുണ്ട്. ഇന്ത്യയിൽ മാർച്ചിലെ നാണ്യപ്പെരുപ്പത്തോത് 17 മാസത്തെ ഉയർന്ന നിലവാരത്തിലാണ്. 98 ഡോളർ നിലവാരത്തിലേക്കു പോയ അസംസ്കൃത എണ്ണവില വീണ്ടും 100 ഡോളർ നിലവാരത്തിലേക്കു തിരിച്ചെത്തിയതും സ്വർണവിലയെ സ്വാധീനിച്ചു. യുദ്ധം തുടരുമെന്നുള്ള പുട്ടിന്റെ പ്രസ്താവനയും ഫിന്നിഷ് അതിർത്തിയിലേക്കുള്ള സൈനിക വിന്യാസവുമാണ് എണ്ണവില കൂടാൻ കാരണമായത്. കൂടാതെ കോവിഡ് മൂലം അടച്ചിട്ട ചൈനീസ് നഗരങ്ങൾ ഭാഗികമായി തുറന്നത് എണ്ണ ഡിമാൻഡ് കൂട്ടുകയും ചെയ്യുന്നുണ്ട്.

∙ വില ഇനിയും കൂടും?

രാജ്യാന്തര വിപണിയിൽ സ്വർണ വില 2000 ഡോളർ എന്ന നിർണായക നിലവാരം മറികടക്കാനുള്ള സാധ്യതകൾ വിപണിയിൽ നിലനിൽക്കുന്നുണ്ട്. 2000 ഡോളർ വീണ്ടും മറികടന്നാൽ വില പിടിവിട്ടു കുതിക്കും. സ്വർണവില 2150 ഡോളർ നിലവാരത്തിലേക്ക് അധികം വൈകാതെ എത്തിയേക്കുമെന്ന പ്രവചനങ്ങളുമുണ്ട്. 2150 ഡോളറിലേക്ക് വില എത്തിയാൽ ദേശീയ ബുള്യൻ വിപണിയിൽ (10 ഗ്രാമിന്) വില 57,000 രൂപ വരെ എത്തിയേക്കും. അങ്ങനെയെങ്കിൽ കേരളത്തിൽ സ്വർണവില പവന് 40,000–42,500 നിലവാരത്തിലെത്തും.

യുദ്ധം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കു കൂടി വ്യാപിച്ചാൽ വില ഇനിയും ഉയരും. കൂടാതെ അമേരിക്കയുടെ ട്രഷറി വരുമാനം കുറഞ്ഞത് സ്വർണത്തിലേക്കു നിക്ഷേപകരെ കൂടുതലായി ആകർഷിക്കുന്നുണ്ട്. കുറഞ്ഞ ട്രഷറി വരുമാനം ഡോളറിന്റെ തിളക്കവും കുറച്ചു. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ഭാഗത്തുനിന്ന് ഉടൻ കടുത്തതീരുമാനങ്ങളുണ്ടാവില്ലെന്നാണ് വിലയിരുത്തലുകൾ. ഉയർന്ന പണപ്പെരുപ്പം അടക്കമുള്ള സാഹചര്യങ്ങൾ കുറച്ചുകൂടി നിരീക്ഷിച്ചതിനുശേഷമാകും ഫെഡറൽ റിസർവ് പലിശനിരക്കിൽ കാര്യമായ മാറ്റം വരുത്തുക.


INDIA-ECONOMY-GOLD

യുദ്ധം രാജ്യാന്തര വിപണിയിലുണ്ടാക്കുന്ന പ്രതിസന്ധി ഇന്ത്യൻ കറൻസിയെയും രൂക്ഷമായി ബാധിക്കുന്നുണ്ട്. കേരളത്തിൽ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന ഘടകമാണ് ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം, രാജ്യത്തേക്ക് ആവശ്യമായതിന്റെ ഭൂരിഭാഗം സ്വർണവും പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിനാലാണു രൂപയുടെ മൂല്യം സ്വർണവിലയെ ശക്തമായി സ്വാധീനിക്കുന്ന ഘടകമായത്. രൂപയുടെ മൂല്യം ഡോളറിനെതിരെ 76.20 ലേക്ക് ഇടിഞ്ഞു.

42,000 രൂപയാണ് കേരളത്തിൽ സ്വർണത്തിന്റെ റെക്കോർഡ് വില. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ആഗോള നിക്ഷേപകർ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടിയ 2020 ഓഗസ്റ്റ് മാസത്തിലാണ് സ്വർണവില എക്കാലത്തെയും ഉയരത്തിലെത്തിയത്. എന്നാൽ കോവിഡ് പ്രതിസന്ധി ഏതാണ്ട് ഇല്ലാതായിട്ടും സ്വർണവിലയിൽ കാര്യമായ താഴ്ചയുണ്ടാകുന്നില്ല. യുദ്ധം ഉൾപ്പെടയുള്ള രാജ്യാന്തര സാഹചര്യങ്ങളാണ് ലോകവിപണിയിൽ സ്വർണ ഡിമാൻഡ് ഉയർന്നു തന്നെ തുടരാൻ കാരണമാകുന്നത്. 36,360 രൂപയായിരുന്നു 2022 ജനുവരി 1ലെ സ്വർണവില. 3120 രൂപയുടെ വർധന മൂന്നര മാസത്തിനുള്ളിലുണ്ടായി.


INDIA-ECONOMY-GOLD

∙ കച്ചവടം കുറഞ്ഞു

വില ഉയർന്നതോടെ കേരളത്തിൽ സ്വർണാഭരണ വിൽപന കുറഞ്ഞതായി കച്ചവടക്കാർ പറയുന്നു. വില കൂടിയതോടെ സ്വർണം വിൽക്കാനെത്തിയവരുടെ എണ്ണം കൂടിയിട്ടുണ്ട്. വിവാഹാവശ്യത്തിനും മറ്റു ചടങ്ങുകൾക്കുമായി സ്വർണം വാങ്ങാനുള്ളവരാണ് ഇപ്പോൾ കടകളിലെത്തുന്നത്. സ്വർണത്തിനൊപ്പം വജ്രാഭരണങ്ങളുടെ വില ഉയർന്നതും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. വെള്ളി വിലയിലും വർധനയുണ്ട്. 18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 4075 രൂപയായി ഉയർന്നിട്ടുണ്ട്. നികുതിയും കുറഞ്ഞ പണിക്കൂലിയും ഉൾപ്പെടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇപ്പോൾ 42,000 രൂപയോളം ചെലവു വരും.

English Summary: Gold Price to touch Rs. 40,000 again soon; What are the Reasons?

We wish to give thanks to the writer of this write-up for this amazing web content

റഷ്യൻ ‘യുദ്ധ മിസൈൽ’ സ്വർണവിപണിയിലും; ഞെട്ടിച്ച് വിലക്കയറ്റം, വീണ്ടും കടക്കും 40,000?

Debatepost