റഷ്യ- ഉക്രയ്ന്‍: വിനാശപാത തുറന്നത് അമേരിക്ക

റഷ്യ-ഉക്രയ്ന്‍ പ്രശ്‌നത്തിലെ ഏറ്റവും വലിയ തമാശ, കരയ്ക്കിരുന്ന് കാഴ്‌ച കാണുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുദ്ധതീയതി കുറിച്ച് യുദ്ധം പ്രഖ്യാപിച്ചു എന്നതാണ്. തന്റെ അധികാര പരിധിക്ക് പുറത്ത് രണ്ട് രാജ്യങ്ങള്‍ തമ്മിലുടലെടുത്ത ഒരു തര്‍ക്കത്തില്‍ യുദ്ധ തീയതി കുറിച്ച് ജോ ബൈഡന്‍ അപ്രഖ്യാപിത വിജയി ആകുവാനുള്ള ശ്രമത്തിലായിരുന്നു. യുദ്ധം നടന്നാല്‍ ബൈഡനും അമേരിക്കയും പറഞ്ഞത് ശരിയായി തീരും. യുദ്ധം നടന്നില്ലെങ്കില്‍ തന്റെ സാമര്‍ഥ്യം കൊണ്ട് റഷ്യയെ ഭയപ്പെടുത്തി വരച്ചവരയില്‍ നിര്‍ത്തി അവരുടെ ഒരു ആവശ്യവും അംഗീകരിക്കാതെ യുദ്ധം തടയുന്നതില്‍ താന്‍ വിജയിച്ചു. നാറ്റോയുടെ പേരില്‍ അമേരിക്ക നേടുന്ന ഗംഭീരവിജയം.

 

എന്നാല്‍, ഒരു യുദ്ധം തടയാന്‍ ആവശ്യമായ സമാധാന ചര്‍ച്ചകള്‍ക്കൊ, ഉക്രയ്നിലേക്കുള്ള റഷ്യയുടെ കടന്നുകയറ്റം തടയാനൊ, യുദ്ധസാധ്യത നീട്ടിക്കൊണ്ടുപോകുവാനോ ഒന്നും ഇതായിരുന്നില്ല മാര്‍ഗ്ഗം. ഐക്യരാഷ്ട്രസഭയെ മുന്‍നിര്‍ത്തി ചര്‍ച്ചകള്‍ക്കും പരിഹാരത്തിനും ലോകത്തെ നിര്‍ബന്ധിക്കുന്നതിനു പകരം താനും നാറ്റോയും യൂറോപ്പും സര്‍വ്വകാര്യങ്ങളും തീരുമാനിക്കും എന്ന ജനാധിപത്യവിരുദ്ധ നിലപാട് യുദ്ധത്തിലേക്കാണ് അന്തിമമായി എത്തിച്ചേര്‍ന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അധിവസിക്കുന്ന ചൈനയും ഇന്ത്യയും പോലെ റഷ്യയുമായി നല്ല ബന്ധമുള്ള  രാജ്യങ്ങളെ സമാധാന ശ്രമങ്ങളുടെ ഭാഗമാക്കാതെ ഭീഷണിയുടെ മറുസ്വരം ഉയര്‍ത്തി അമേരിക്കന്‍ ഭരണകൂടം നടത്തിയ ശ്രമങ്ങള്‍ കൂടെ ചേര്‍ന്നതാണ് ഈ യുദ്ധം.

ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം തന്നെ റഷ്യയുടെ അതിരുകളില്‍ യുദ്ധത്തിന്റെ സാധ്യതകളിലേക്കുള്ള വാതിലാണ് തുറന്നത്. അമേരിക്കയില്‍ തീവ്രവലതുപക്ഷ ഭരണകൂടത്തെ തകര്‍ത്ത് ലിബറല്‍ ജനാധിപത്യ ശക്തികള്‍ നേടിയ വിജയം ലോകത്ത് കൂടുതല്‍ ശാന്തിയും സമാധാനവും എത്തിക്കും എന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റിയോ ?

അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു പ്രസിഡന്റ് ട്രംപ്  ഉക്രയ്ന്‍ ഭരണകൂടത്തെ സ്വാധീനിച്ച് തിരഞ്ഞെടുപ്പില്‍ തന്റെ എതിരാളിയാകാന്‍ സാധ്യതയുള്ള ജോ ബൈഡനു എതിരെ തെളിവുകള്‍ ചമയ്കുവാന്‍ ശ്രമിച്ചു എന്നത്. ഇത് ഒടുക്കം ട്രംപിനെ ഇമ്പീച്ച് ചെയ്ത് നാണം കെടുത്തുന്നതിലാണ് അവസാനിച്ചത്. ട്രംപ് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ നടത്തിയ ഈ കുത്സിത നീക്കങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ബൈഡന്‍ കുടുംബത്തിന് ഉക്രയ്‌നുമായി റഷ്യക്ക് ഭയപ്പെടേണ്ടതായ വലിയ ബന്ധങ്ങളുണ്ട്. ഉക്രയ്‌നിലെ വിവാദമായിട്ടുള്ള ബുരിസ്മ  എന്ന പ്രകൃതിനാതക  കമ്പനിയുടെ ഡയറക്ടറായിരുന്നു ബൈഡന്‍ പുത്രന്‍ ഹണ്ടര്‍ബൈഡന്‍. മാസ ശമ്പളം 50,000 അമേരിക്കന്‍ ഡോളര്‍.

ബൈഡന്‍ അധികാരത്തില്‍ വന്നതു മുതല്‍ ഉക്രയ്ന്‍ അനുകൂല ഏകപക്ഷിയ നിലപാടിലൂടെ റഷ്യയെ അസ്ഥിരപ്പെടുത്തുവാന്‍ ശ്രമിക്കും എന്ന ഭയം റഷ്യക്കുണ്ട്. ഉക്രയ്‌നുമായി വിഘടിച്ച് നില്‍ക്കുന്ന, എന്നാല്‍ റഷ്യ – ഉക്രയ്ന്‍ അതിര്‍ത്തിയില്‍ കിടക്കുന്ന ഡോണ്‍ടസ്‌ക്, ലുഹാന്‍സ് പ്രദേശങ്ങളെ സൈനിക നടപടികളിലൂടെ ഉക്രയ്‌നുമായി കൂട്ടിച്ചേര്‍ക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാകുമെന്ന് റഷ്യ ഭയന്നിരുന്നു. അസര്‍ബൈജാന്‍ ഇത്തരം ഒരു നീക്കം കാരാബക്ക് പ്രദേശത്ത് നടത്തിയതും ഉക്രയ്ന്‍ ടര്‍ക്കിഷ് (മറ്റൊരു നാറ്റൊ സഖ്യകക്ഷി) ഡ്രോണുകളടക്കമുള്ള ആയുധങ്ങള്‍ വാങ്ങി സംഭരിക്കുന്നതുമൊക്കെ റഷ്യയെ അസ്വസ്ഥപ്പെടുത്തിയിരുന്നു.

അതേസമയം റഷ്യ നിരന്തരം സൈന്യത്തെ അതിർത്തിയിൽ വിന്യസിച്ച്  ഉക്രൈനെ സമ്മർദ്ദത്തിലാക്കി ചെറിയ നേട്ടങ്ങളൊക്കെ ഉണ്ടാക്കിയാണ്  റഷ്യയുടെ പരാതികളെ നാറ്റൊ സഖ്യകക്ഷികൾ അവഗണിക്കുന്നതിനെതിരെ പ്രതികരിച്ചിരുന്നത്. ഇതൊരു സ്ഥിരം മാർഗ്ഗമാക്കി വലിയ നേട്ടങ്ങൾ കൊയ്യാനുള്ള ശ്രമത്തിലാണ് റഷ്യ. സമ്മർദ്ദം ഫലം കണ്ടില്ലെങ്കിൽ യുദ്ധത്തിലേക്ക് റഷ്യക്ക് പോകേണ്ടിവരും. ഈ റഷ്യൻ സമ്മർദ്ദത്തെ ശക്തമായ ഡിപ്ലൊമസിയിലേക്ക് മാറ്റുകയാണ് യുദ്ധം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. അപ്പോൾ ഉയർന്നു വരുന്ന പ്രശ്നം അമേരിക്കയും നാറ്റോ സഖ്യകക്ഷികളും ചർച്ച ചെയ്യാൻ താത്പര്യപ്പെടാത്ത വിഷയങ്ങൾ ചർച്ച ചെയ്യേണ്ടിവരും എന്നതാണ് . റഷ്യയുടെ സുരക്ഷയുടെ കാര്യത്തിൽ അവർക്ക് ഉറപ്പുകൾ നൽകേണ്ടിവരും.

ഇപ്പോഴത്തെ റഷ്യ -ഉക്രയ്ന്‍ പ്രതിസന്ധിയുടെ തുടക്കം പലരും പറയും പോലെ നാറ്റൊ അംഗത്വവുമായി ബന്ധപ്പെട്ടല്ല തുടങ്ങുന്നത്. ഉക്രയ്ന്‍- റഷ്യ അതിര്‍ത്തിയിലെ ഡോണാമ്പസ് (ഇപ്പോള്‍ റഷ്യ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിച്ച) മേഖലയെ ആയുധ നിര്‍വീര്യമാക്കുകയും autonomous provinces ആയി അംഗീകരിക്കുന്ന ഒരു ഉടമ്പടി 2014 ലും 2015ലുമായി റഷ്യയും ഉക്രയ്‌നും തമ്മില്‍ യൂറോപ്യന്‍ സുരക്ഷാ കൗണ്‍സിലിന്റെ മധ്യസ്ഥതയില്‍ ഒപ്പുവക്കുകയും ചെയ്തിരുന്നു. Minsk Protocol എന്നറിയപ്പെടുന്ന ഉടമ്പടിയുടെ ലംഘനമാണ് ഇപ്പോഴത്തെ യുദ്ധത്തിന് അടിസ്ഥാന കാരണം. മിന്‍സ്‌ക് ഉടമ്പടി പ്രകാരം റഷ്യ- ഉക്രയ്ന്‍ അതിര്‍ത്തി നിരീക്ഷിക്കയും വെടിനിര്‍ത്തല്‍ ഉറപ്പുവരുത്തുകയും ചെയ്യാനുള്ള ഉത്തരവാദിത്വം കരാറില്‍ കക്ഷിയായ Organization for Security and Co-operation in Europe (OSCE) യുടെതാണ്. ജര്‍മനിയും ഫ്രാന്‍സും ബ്രിട്ടണും അമേരിക്കയുമാണ് ഈ കരാറിനു പിന്നില്‍.

2014 ല്‍ ജോ ബൈഡന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റായിരിക്കുമ്പൊഴാണ് ഉക്രയ്‌നില്‍ അട്ടിമറി നടക്കുന്നതും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് രാജ്യം വിട്ടതും. തുടര്‍ന്ന് അധികാരത്തില്‍ വന്നതും ഇപ്പോഴും അധികാരത്തില്‍ തുടരുന്നതുമായ അമേരിക്കന്‍ പിന്തുണയുള്ള ഭരണകൂടത്തെ റഷ്യ അംഗീകരിക്കുന്നില്ല.

ഒന്നാമതായി, റഷ്യന്‍ ഭരണകൂടം ഉക്രയ്ന്‍ ഭരണകൂടത്തെ അംഗീകരിക്കുന്നില്ല. രണ്ടാമത്, മിന്‍സ്‌ക് കരാര്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കുവാന്‍ ആവശ്യപ്പെടുന്നു. അതായത്, റഷ്യയുടെ കണ്ണില്‍ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത ഉക്രയ്ന്‍ ഭരണകൂടം മിന്‍സ്‌ക് കരാര്‍ നടപ്പിലാക്കി റഷ്യയുടെ അംഗീകാരം ഉറപ്പാക്കണം, അല്ലെങ്കില്‍ റഷ്യ അവരുടെ രീതിയില്‍ പ്രശ്‌നപരിഹാരമുണ്ടാക്കും.

ഇപ്പോഴത്തെ പ്രതിസന്ധി തുടങ്ങുന്നതു തന്നെ അപ്രതീക്ഷിതമായി മിന്‍സ്‌ക് കരാര്‍ നടപ്പിലാക്കാന്‍ താല്‍പര്യമില്ല എന്ന് പറയുന്ന ജര്‍മന്‍ – ഫ്രഞ്ച് വിദേശകാര്യ മന്ത്രിമാരുടെ സംഭാഷണം വന്നതിലൂടെയാണ്. ട്രംപ് ഭരണകൂടത്തില്‍ പ്രതിരോധ സെക്രട്ടറിയുടെ ഉപദേശകനായിരുന്ന റിട്ട. കേണല്‍ ഡഗ്ലസ് മക്ഗ്രഗര്‍ പറയുന്നത് പ്രകാരം ഈ പ്രശ്‌നത്തില്‍ വാഷിംഗ്‌ടണിനും റഷ്യക്കും ഉക്രയ്‌നും ഒരുപോലെ മാനം നഷ്ടപ്പെടാനാണ് സാധ്യത എന്നാണ്. ജോര്‍ജ്ജ് ബുഷിനു ശേഷം വന്ന പ്രസിഡന്റുമാരെല്ലാം ഉക്രയ്‌നെ മോസ്‌കോയുടെ കഴുത്തില്‍ വയ്ക്കാന്‍ പറ്റിയ കത്തിയാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. വാഷിംഗ്‌ടണാണ് തീരുമാനിക്കേണ്ടത് ഈ വിനാശകരമായ പാതയിലൂടെ മുന്നോട്ട് പോകണോ എന്ന്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


മറ്റു വാർത്തകൾ

We would love to thank the author of this short article for this awesome web content

റഷ്യ- ഉക്രയ്ന്‍: വിനാശപാത തുറന്നത് അമേരിക്ക

Debatepost