വളരെ ലളിതമായ രീതിയില്‍ പെസഹാ അപ്പം വീട്ടില്‍ ഒരുക്കാം

പെസഹാ വ്യാഴം ക്രൈസ്തവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്‌. യേശുവിന്‍റെ ഒടുവിലത്തെ അത്താഴ സ്മരണയില്‍ ക്രിസ്തീയ ഭവനങ്ങളില്‍ ഇന്നും പെസഹാവ്യാഴാഴ്ച വൈകുന്നേരം അപ്പം മുറിക്കല്‍ ചടങ്ങുകള്‍ നടത്താറുണ്ട്.  അരിപ്പൊടിയും തേങ്ങാ അരപ്പും ചേര്‍ത്തുണ്ടാക്കുന്ന പുളിപ്പില്ലാത്ത അപ്പവും തേങ്ങാപ്പാലും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന പാലും ഉപയോഗിച്ച് ഗൃഹനാഥന്‍റെ കാര്‍മ്മികത്വത്തില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തുചേര്‍ന്നാണ് പെസഹാ ആചരിക്കുന്നത്.

വീട്ടിലെ വല്യമ്മച്ചിമാര്‍, ഒരു പുത്തന്‍ കലവും തവിയും പെസഹാപാല്‍ കാച്ചാനായി മാത്രം സൂക്ഷിച്ചു വയ്ക്കാറുണ്ടായിരുന്നു. അടുത്തുള്ള ഏതെങ്കിലുമൊരു വീട്ടില്‍ മരണം സംഭവിച്ചിട്ടുണ്ടെങ്കില്‍, പ്രസ്തുത വര്‍ഷം ആ വീട്ടില്‍ പെസഹാവിഭവങ്ങള്‍ തയാറാക്കുകയില്ല; അതുകൊണ്ട്, പെസഹാ ഒരുക്കുന്ന അയല്‍വീടുകളില്‍ നിന്നും ഒരു വീതം അവര്‍ക്കും കൊണ്ടുപോയി കൊടുക്കുന്ന പതിവുമുണ്ട്. പെസഹാ ഒത്തുചേരലിന്‍റെയും പങ്കുവയ്ക്കലിന്‍റെയും അനുഭവം കൂടിയാണ്.

പെസഹാ വ്യാഴാഴ്ച വൈകുന്നേരം ക്രൈസ്തവ ഭവനങ്ങളില്‍ ഈ അപ്പം മുറിക്കല്‍ നടത്തുന്നു. അതിനായി പ്രാര്‍ത്ഥനാപൂര്‍വ്വം അവര്‍ പാകം ചെയ്യുന്ന അപ്പത്തെ ഇന്ററി അപ്പം എന്നും വിളിക്കുന്നു. കുടിക്കുവാനുള്ള പാനീയത്തെ പെസഹാ പാല്‍ എന്നാണ്‌ വിളിക്കുന്നത്. സാധാരണയായി ഭവനത്തിലെ എല്ലാ അംഗങ്ങളും ഈ അപ്പം മുറിക്കല്‍ ശുശ്രൂഷയില്‍ പങ്കെടുക്കാറുണ്ട്. കുടുംബ നാഥനാണ്‌ പ്രാര്‍ത്ഥനക്കു നേതൃത്വം കൊടുക്കുന്നതും അപ്പം മുറിച്ച് എല്ലാവര്‍ക്കും പങ്കു വയ്ക്കുന്നതും. പ്രായക്രമമനുസരിച്ച് മുതിര്‍ന്നവര്‍ മുതല്‍ ഏറ്റവും ഇളയവര്‍ വരെ എല്ലാവര്‍ക്കും അപ്പവും പാലും കൊടുക്കുന്നു. ഈ അപ്പവും പാലും പെസഹാ ദിനത്തിലല്ലാതെ മറ്റൊരു ദിവസവും പാകം ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്‌.

പെസഹാ അപ്പം 

ചേരുവകള്‍

•വറുത്ത അരിപ്പൊടി – 1 കപ്പ്
•ഉഴുന്ന്  (വറുത്തതിന് ശേഷം 2 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കണം) – 1/2 കപ്പ്
•തേങ്ങ – 1 കപ്പ്
•ജീരകം – 1/4 ടീസ്പൂൺ
•കുരുമുളക് – 3-4 എണ്ണം 
•വെളുത്തുള്ളി – 2 അല്ലി
•ചുവന്നുള്ളി – 4 എണ്ണം
•ഉപ്പ്  – ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

•ആദ്യം തന്നെ വെള്ളത്തില്‍ കുതിര്‍ത്ത ഉഴുന്ന് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി കുഴമ്പ് രൂപത്തില്‍ അരച്ചെടുക്കണം.

•ശേഷം ചിരകിയ തേങ്ങയും ജീരകവും ചുവന്നുള്ളിയും വെളുത്തുള്ളിയും കുരുമുളകും ആവശ്യത്തിന് വെള്ളം ചേർത്ത് പരുക്കനായി അരച്ചെടുക്കണം.

•പിന്നീട് ഒരു വലിയ പാത്രത്തില്‍ അരിപ്പൊടിയെടുത്ത് ഇതിലേക്ക് അരച്ച് വച്ച ഉഴുന്നും തേങ്ങയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നല്ല കുഴമ്പു പരുവത്തിൽ ആക്കുക.

• ഒരു മണിക്കൂറിന് ശേഷം ആവി വരുന്ന അപ്പച്ചെമ്പിൽ ഒരു പാത്രം വച്ച് അതിലേക്കു ഈ മാവ് കോരിയൊഴിക്കുക.

•ഇതിന്റെ മുകളിലായി കുരുത്തോല കൊണ്ട് കുരിശ് ഉണ്ടാക്കി വയ്ക്കാം. ഇത് അര മണിക്കൂർ വേവിക്കുക. പെസഹാ അപ്പം തയാര്‍.

പെസഹാ പാല്‍ ഉണ്ടാക്കുന്ന വിധം

ചേരുവകള്‍

•ശര്‍ക്കര – 150 ഗ്രാം (കട്ടിയുള്ള പാനിയാക്കി അരിച്ചെടുക്കുക)
•വെള്ളം – 1/2 കപ്പ് 
•തേങ്ങാപ്പാല്‍; ഒന്നാം പാല്‍ – 1 കപ്പ്‌
•രണ്ടാം പാല്‍ – 2 1/2 കപ്പ്  
•ചുക്ക് പൊടി  – 1/4 ടീസ്പൂൺ  
•ജീരകപ്പൊടി  – 1/4 ടീസ്പൂൺ  
•ഏലയ്ക്കാപ്പൊടി – 1/4 ടീസ്പൂൺ  
•വറുത്ത അരിപ്പൊടി – രണ്ടു ടേബിൾസ്പൂൺ‍.
•നേന്ത്രപ്പഴം – 1  വട്ടത്തില്‍ കഷ്ണങ്ങളായി അരിഞ്ഞത് ( തിരുവിതാംകൂര്‍ ശൈലിയില്‍ )

തയാറാക്കുന്ന വിധം

ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ശർക്കരയും വെള്ളവും ചേർത്ത് ഉരുക്കിയെടുത്തു അരിച്ചു മാറ്റി വയ്ക്കുക.   

രണ്ടാം പാലിൽ അരിപ്പൊടി  ചേർത്ത് കട്ടയില്ലാതെ ഇളക്കി തീ ഓൺ ചെയ്യുക. ഇതിലേക്ക് ഉരുക്കി വച്ച ശർക്കരയും ജീരകപ്പൊടിയും ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും ചേർത്ത് നന്നായി തിളപ്പിക്കുക. 

നന്നായി ഇളക്കി കൊടുത്ത് കൊണ്ടേയിരിക്കണം. ഇന്ററി അപ്പത്തിലെന്ന പോലെ പെസഹാപ്പാലിലും ചില സ്ഥലങ്ങളില്‍ കുരുത്തോലെകാണ്ട്  കുരിശുണ്ടാക്കി ഇടാറുണ്ട്. കുറുകുന്നതു വെരെ നിരന്തരം ഇളക്കിക്കൊണ്ടിരിക്കുക.

കുറുകി വരുമ്പോള്‍ ഒന്നാം പാലും നേന്ത്രപ്പഴത്തിന്റെ കഷ്ണങ്ങളും ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്നും ഇറക്കി വയ്ക്കാം. മധുരമുള്ള പെസഹാപാല്‍ തയാര്‍. പുഴുങ്ങി വച്ചിരിക്കുന്ന അപ്പം ഈ പാലില്‍ മുക്കി കഴിക്കാം.

English Summary : Indri appam (unleavened bread) and peshaha paal are traditional dishes that are cooked in Christian families to celebrate the memory of the Passover.

We wish to say thanks to the writer of this article for this amazing web content

വളരെ ലളിതമായ രീതിയില്‍ പെസഹാ അപ്പം വീട്ടില്‍ ഒരുക്കാം

Debatepost