സച്ചിന്റെ പ്രിയപ്പെട്ട വോണി; കസേരത്തുമ്പിലിരുന്ന് ശ്വാസമടക്കിപ്പിടിച്ചുകണ്ട താരവൈരം

സ്‌പോര്‍ട്‌സ് ലേഖിക


ഓര്‍മകളുടെ ക്രീസില്‍ സച്ചിനെ തനിച്ചാക്കി വോണ്‍ വിട പറയുമ്പോള്‍ ക്രിക്കറ്റില്‍ വീണ്ടും ശൂന്യത വന്നുനിറയുന്നു.

സച്ചിൻ തെണ്ടുൽക്കറും ഷെയ്ൻ വോണും | Photo: AFP, Reuters

‘വോണീ..താങ്കളെ വല്ലാതെ മിസ് ചെയ്യും. ഗ്രൗണ്ടിലും പുറത്തും താങ്കള്‍ കൂടെയുണ്ടായിരുന്നപ്പോള്‍ വിരസമായ ഒരു നിമിഷം പോലുമുണ്ടായിരുന്നില്ല. പിച്ചിലെ നമ്മുടെ പോരാട്ടങ്ങളും പിച്ചിനു പുറത്തെ സൗഹൃദസംഭാഷണങ്ങളും എന്നും ഓര്‍മയുണ്ടാകും.നിങ്ങളുടെ ഹൃദയത്തില്‍ ഇന്ത്യക്ക് ഒരു സവിശേഷ സ്ഥാനമുണ്ടായിരുന്നു. ഞങ്ങള്‍ക്ക് തിരിച്ചു. ഇത്ര നേരത്തേ പോയല്ലോ വോണീ…’ ഷെയ്ന്‍ വോണിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ വാര്‍ത്ത അറിഞ്ഞ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പാണിത്.

ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസവുമായി സച്ചിനുള്ള ബന്ധത്തിന്റെ ആഴം അളക്കാന്‍ ഈ ട്വീറ്റിലെ വാക്കുകള്‍തന്നെ ധാരാളം. ഓര്‍മകളുടെ ക്രീസില്‍ സച്ചിനെ തനിച്ചാക്കി വോണ്‍ വിട പറയുമ്പോള്‍ ക്രിക്കറ്റില്‍ വീണ്ടും ശൂന്യത വന്നുനിറയുന്നു.

മൈതാനത്ത് ശത്രുക്കളായും ക്രീസിന് പുറത്ത് ആത്മസുഹൃത്തുക്കളായും രണ്ട് ഇതിഹാസങ്ങള്‍ ഒരൊറ്റ ഫ്രെയിമില്‍ നിന്ന ആ ക്രിക്കറ്റ് കാലം ഒരിക്കലും മറക്കാനാകില്ല. സച്ചിന്‍ അരങ്ങേറിമൂന്നുവര്‍ഷത്തിന് ശേഷമാണ് ഷെയ്ന്‍ വോണ്‍ ഗ്രൗണ്ടിലിറങ്ങിയത്. പക്ഷേ, കരിയറിന് തിരശ്ശീല വീഴുന്നതുവരെ സച്ചിനും വോണും കളത്തില്‍ ശത്രുക്കളായിരുന്നു, പുറത്ത് മിത്രങ്ങളും. 90-കളില്‍ ഇരുവരുടേയും വൈരം പ്രശസ്തമായിരുന്നു. സച്ചിന്റെ ബാറ്റിങ് എന്റെ ഉറക്കം കെടുത്തുന്നെന്ന് വോണ്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

സച്ചിന് 21 വയസ്സുള്ളപ്പോഴാണ് ആദ്യമായി വോണിന്റെ പന്ത് നേരിട്ടത്. 1991-92ല്‍ സിഡ്നിയില്‍ നടന്ന മത്സരത്തിലായിരുന്നു അത്. അന്ന് ആറാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി സച്ചിന്‍ പുറത്താകാതെ 148 റണ്‍സ് അടിച്ചു. ആ മത്സരത്തിലെ തന്റെ അനുഭവം പിന്നീട് വോണ്‍ അഭിമുഖങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ‘അന്ന് സച്ചിനെ കണ്ടാല്‍ ഒരു പത്തു വയസ്സുകാരന്‍ പയ്യനെ പോലെയാണ് തോന്നിയിരുന്നത്. അതുകൊണ്ട് അയാള്‍ അദ്ഭുതങ്ങള്‍ കാണിക്കുമെന്ന് ഞാന്‍ കരുതിയതേയില്ല. എന്നാല്‍ അദ്ദേഹം എന്റെ പന്തുകള്‍ തലങ്ങും വിലങ്ങും നേരിട്ടു. മോശം പന്തുകളെയെല്ലാം വിദഗ്ദ്ധമായി ബൗണ്ടറി കടത്തി.’ വോണിന്റെ വാക്കുകള്‍.

സച്ചിന് മുന്നിലെത്തിയപ്പോള്‍ വോണ്‍ എന്ന മാന്ത്രികന്റെ തന്ത്രങ്ങളെല്ലാം കറങ്ങിവീണു. അന്താരാഷ്ട്ര മത്സരങ്ങളില്‍ 29 തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ നാലുതവണ മാത്രമേ സച്ചിനെ വോണിനെ പുറത്താക്കാനായിട്ടുള്ളു. മൂന്നു തവണ ടെസ്റ്റിലും ഏകദിനത്തില്‍ ഒരൊറ്റത്തവണയും. 1998-ല്‍ ചെന്നൈയില്‍ നടന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തിന്റെ ഒന്നാം ഇന്നിങ്സില്‍ സച്ചിന്‍ വോണിന് മുന്നില്‍ നാല് റണ്‍സിന് മുട്ടുമടക്കി. ഒരു മാസത്തിനുശേഷം കാണ്‍പുരില്‍ നടന്ന പരമ്പരയിലും സച്ചിനെ വോണ്‍ പുറത്താക്കി. ഐപിഎല്ലില്‍ വോണ്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായും സച്ചിന്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായും നേര്‍ക്കുനേര്‍ വന്നതും ക്രിക്കറ്റ് കാണികള്‍ ആവേശത്തോടെ കണ്ടു.

വോണിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ തന്റെ പന്ത് നിലത്തുകുത്താന്‍ സച്ചിന്‍ സമയം അനുവദിച്ചില്ല. സ്പിന്നര്‍മാരെ കടന്നാക്രമിക്കാന്‍ കരുത്തുള്ള സച്ചിനു മുന്നില്‍ വോണ്‍ പതറിപ്പോയി.

കണക്കുകള്‍ മാന്ത്രികം

ബാറ്റിങ് റെക്കോഡുകള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സ്വന്തം പേരില്‍ ചേര്‍ക്കുമ്പോള്‍ വോണ്‍ തന്റെ മാന്ത്രിക ബൗളിങ്ങിലൂടെ പുതിയ ചരിത്രമെഴുതുന്ന തിരക്കിലായിരുന്നു. ഒരാള്‍ ബാറ്റിങ്ങില്‍ ഉന്നതിയിലെത്തിയപ്പോള്‍ മറ്റൊരാള്‍ ബൗളിങ് സിംഹാസനത്തില്‍ ഇരിപ്പുറപ്പിച്ചു.

ഓസ്ട്രേലിയക്കായി 1992-2007 കാലഘട്ടത്തില്‍ 145 ടെസ്റ്റും 194 ഏകദിനങ്ങളും ഷെയ്ന്‍ വോണ്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 2.65 ഇക്കോണമിയില്‍ 708 വിക്കറ്റും ഏകദിനങ്ങളില്‍ 4.25 ഇക്കോണമിയില്‍ 293 വിക്കറ്റും വോണ്‍ വീഴ്ത്തി. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായ സച്ചിന്‍ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമായി 664 മത്സരങ്ങളില്‍ 100 സെഞ്ചുറികളടക്കം 34,357 റണ്‍സ് അടിച്ചുകൂട്ടി.

ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിന്നിങ്‌സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ പേരിലാക്കി. ഏകദിനത്തില്‍ ഒരു തവണയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 57 വിക്കറ്റ് വീഴ്ത്തി. ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ അപ്രതീക്ഷിത കിരീടത്തിലേക്ക് വോണ്‍ നയിച്ചു. പിന്നീട് ടീമിന്റെ ഉപദേശക സ്ഥാനവും വഹിച്ചു ഇതിഹാസ താരം.

Content Highlights: shane warne vs sachin tendulkar

Get daily updates from Mathrubhumi.com

We would like to say thanks to the author of this write-up for this incredible content

സച്ചിന്റെ പ്രിയപ്പെട്ട വോണി; കസേരത്തുമ്പിലിരുന്ന് ശ്വാസമടക്കിപ്പിടിച്ചുകണ്ട താരവൈരം

Debatepost