Shane Warne Death | വോണിന്റെ മരണത്തിൽ അന്വേഷണം; കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നു

ഓസ്ട്രേലിയന്‍ സ്പിൻ ഇതിഹാസം ഷെയ്ന്‍ വോണിന്റെ മരണത്തില്‍ (Shane Warne Death)  അന്വേഷണം ആരംഭിച്ച് തായ്‌ലൻഡ് പോലീസ് (Thailand Police). തായ്‌ലൻഡിലെ ഒരു റിസോർട്ടിൽ വെച്ചായിരുന്നു വോണിന്റെ അന്ത്യം. ഹൃദയാഘാതമായിരുന്നു മരണകാരണം. വോണിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ റിസോർട്ടിൽ അദ്ദേഹത്തിന്റെ റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഓസീസ് താരത്തിന്റെ മരണത്തിൽ അന്വേഷണം നടത്തുന്ന തായ്‌ലൻഡ് പോലീസ് വോണിനൊപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയാണ്. തായ്‌ലൻഡിലെ ഓസ്ട്രേലിയന്‍ എംബസിയിലെ ഉദ്യോഗസ്ഥരും സ്റ്റേഷനിലെത്തിയിട്ടുണ്ട്. വോണിന്റെ മരണത്തിൽ നിലവിൽ ദുരൂഹതകളൊന്നുമില്ലെന്ന് തായ് പോലീസ് പറഞ്ഞു.

ആസ്മയും ഹൃദയ സംബന്ധമായ രോഗങ്ങളും അലട്ടിയിരുന്ന താരത്തിന് മരിക്കുന്നതിന് മുൻപ് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നുവെന്ന് വോണിന്റെ കുടുംബാംഗങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങൾ ഉദ്ധരിച്ച് തായ് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Also read- Shane Warne | ‘പുറത്ത് കാത്തുനിന്നു; മുറി തുറന്നപ്പോൾ വോൺ അബോധാവസ്ഥയിൽ’; വോണിന്റെ അന്ത്യനിമിഷങ്ങൾ വിവരിച്ച് മാനേജർ

ഹൃദ്രോഗത്തിനുള്ള ചികിത്സയ്ക്കായി വോൺ ഡോക്ടറെ കണ്ടിരുന്നതായി കോ സാമുയിയിലെ ബോ ഫൂട്ട് പോലീസ് സ്റ്റേഷനിലെ സൂപ്രണ്ട് യുട്ടാന സിരിസോമ്പത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വോണിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും അദ്ദേഹം പറഞ്ഞു.

ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളായ വോണിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളെല്ലാം നൽകിയാകും നടത്തുകയെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട് മോറിസൻ പറഞ്ഞു (Scott Morrison). ഓസ്‌ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ ഗാലറിക്ക് ഷെയ്ന്‍ വോണിന്റെ പേര് നൽകുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ (Cricket Australia) പ്രഖ്യാപിച്ചിരുന്നു.

Also read- Shane Warne |ക്രിക്കറ്റ് കണ്ടുകൊണ്ട് തന്നെ മരണം! വികാരധീനനായി വോണിന്റെ മാനേജര്‍

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായിട്ടാണ് ഷെയ്ന്‍ വോണിനെ കണക്കാക്കുന്നത്. വോണ്‍-സച്ചിന്‍, വോണ്‍-ലാറ പോരാട്ടം വിഖ്യാതമായിരുന്നു. ടെസ്റ്റ് വിക്കറ്റ് നേട്ടത്തില്‍ ലോകത്തെ രണ്ടാം സ്ഥാനക്കാരനാണ് ഷെയ്ന്‍ വോണ്‍. 145 ടെസ്റ്റുകളില്‍നിന്ന് 708 വിക്കറ്റുകളാണ് വോണ്‍ നേടിയത്.

194 ഏകദിനങ്ങളില്‍നിന്ന് 293 വിക്കറ്റുകളും നേടി. രാജ്യാന്തര ക്രിക്കറ്റില്‍ 1001 വിക്കറ്റുകള്‍ എന്ന നേട്ടവും 1992 മുതല്‍ 2007 വരെ നീണ്ട കരിയറിനുള്ളില്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ സ്വന്തം പേരിലാക്കി. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി.

Also read- Shane Warne| വോണിന്റെ ‘നൂറ്റാണ്ടിന്റെ പന്ത്’ ഓർമയുണ്ടോ? ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാനാകുമോ ആ കാഴ്ച ?

1969 സെപ്റ്റംബര്‍ 13ന് ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലാരുന്നു വോണ്‍ ജനിച്ചത്. 1992ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. 2007 ഡിസംബര്‍ 3ന് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് വോണിന്റെ റെക്കോര്‍ഡ് മറികടന്ന് ടെസ്റ്റിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയത്. 2008 ലെ പ്രഥമ ഐപിഎല്‍ ടൂര്‍ണമെന്റില്‍ രാജസ്ഥാന്‍ റോയല്‍സ് കിരീടം ചൂടിയത് ഷെയ്ന്‍ വോണിന്റെ കീഴിലായിരുന്നു. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 57 വിക്കറ്റ് വീഴ്ത്തി. പിന്നീട് ടീമിന്റെ ഉപദേശക സ്ഥാനവും വഹിച്ചു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

We would like to say thanks to the author of this post for this outstanding material

Shane Warne Death | വോണിന്റെ മരണത്തിൽ അന്വേഷണം; കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നു

Debatepost